കൊല്‍ക്കൊത്ത: പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ രാജിവെച്ചു. തിങ്കളാഴ്ച ദല്‍ഹിയിലേക്ക് പോയി കേന്ദ്രസര്‍വ്വീസില്‍ ചേരുന്നതിന് പകരം നാടകീയമായി രാജിവെക്കുകയായിരുന്നു ആലാപന്‍ ബന്ദോപാധ്യായ. കേന്ദ്രസര്‍വ്വീസില്‍ തിങ്കളാഴ്ച ചേരണമെന്ന ഉത്തരവ് ലംഘിച്ച ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്രം ശിക്ഷിക്കുമെന്ന സൂചന കിട്ടിയതോടെ മമത ആലപനെ വെച്ച് അടുത്ത നാടകം കളിക്കുകയായിരുന്നു.
മമത ബാനര്‍ജി തന്നെയാണ് ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറി സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിച്ചത്. പകരം അദ്ദേഹത്തെ ബംഗാളിന്റെ മുഖ്യഉപദേഷ്ടാവായി നിയമിച്ചതായി മമത പ്രഖ്യാപിച്ചു. മമതയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആലാപന്‍ ബന്ദോപാധ്യായ ദല്‍ഹിയിലേക്ക് പോകാതെ തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ തന്നെ തുടര്‍ന്നത്. ഇതിനെതിരെ കേന്ദ്രം ശക്തമായ നടപടിയെടുക്കുമെന്ന് അറിയാമായിരുന്ന മമത പുതിയൊരു കരുനീക്കം നടത്തുകയായിരുന്നു.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആലാപന്‍ ബന്ദോപാധ്യായ പ്രൊട്ടോക്കോള്‍ ലംഘിച്ചത്. ചീഫ് സെക്രട്ടറി മമതയോടൊപ്പം അരമണിക്കൂര്‍ വൈകിയാണ് യോഗത്തില്‍ സംബന്ധിച്ചത്. പിന്നീട് 15 മിനിറ്റ് മാത്രം യോഗത്തില്‍ പങ്കെടുത്തശേഷം ചീഫ് സെക്രട്ടറി മമതയോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തു. ഇപ്പോള്‍ ആലാപന്‍ ബന്ദോപാധ്യായയെ കൂടെ നിര്‍ത്തി കേന്ദ്രത്തിനെതിരെ ഹുങ്ക് കാണിക്കുന്ന നിലപാടാണ് മമത സ്വീകരിച്ചത്.
മമതയുടെ നിര്ബന്ധബുദ്ധിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണ് ആലാപന്‍. ആലാപനെ വിട്ടയയ്ക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാവിലെ മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആലാപനെ സ്ഥലം മാറ്റാനുള്ള കേന്ദ്ര ഉത്തരവ് പിന്‍വലിക്കാനും മമത കത്തില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ശിക്ഷിക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്നായിരുന്നു മമതയുടെ അടുത്ത നീക്കം.
ആലാപന്‍ ബന്ദോപാധ്യായയുടെ ഔദ്യോഗിക സേവനം തിങ്കളാഴ്ച അവസാനിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായതിനാല്‍ ഇദ്ദേഹത്തിന്റെ സേവനം മൂന്ന് മാസത്തേക്ക് കൂടി ദിര്‍ഘിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം റദ്ദാക്കരുതെന്നും മമത കത്തില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിരുന്നു. പക്ഷെ ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച സ്ഥിതിക്ക് എന്ത് തീരുമാനമാണ് കേന്ദ്രം കൈക്കൊള്ളുകയെന്ന് പറയാറായിട്ടില്ല. ഒരിയ്ക്കലും ഏറ്റുമുട്ടലിനോ സംഘര്‍ഷങ്ങള്‍ക്കോ നിന്നു കൊടുക്കാത്ത സൗമ്യനായ ചീഫ് സെക്രട്ടറി എന്ന ഖ്യാതിയുള്ള ആലാപന്‍ ബന്ദോപാധ്യായ മമതയുടെ പിടിവാശിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: