ന്യൂദല്‍ഹി: പോക്സോ നിയമം ലംഘിച്ചതിന്റെ പേരില്‍ ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശകമ്മീഷന്. ഇന്ത്യയില്‍ കുട്ടികള്‍ക്കായി ട്വിറ്റര്‍ നിരോധിക്കണമെന്നും ദേശീയ ബാലാവകാശകമ്മീഷന് ആവശ്യപ്പെട്ടു.
കുട്ടികളെ പേടിപ്പിക്കുന്ന ദൃശങ്ങളുള്ള പല ഗ്രൂപ്പുകളുടെയും ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് പരാതി. ഇത് ഐടി ചട്ടം പാലിക്കാതെ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ വെറുപ്പിന് പാത്രമായ ട്വിറ്ററിന് മറ്റൊരു തിരിച്ചടിയായി.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ ട്വിറ്ററിനെ വിലക്കണമെന്നും ദേശീയ ബാലാവകാശകമ്മീഷന് ചെയര്മാന് പ്രിയാങ്ക് കനൂംഗോ പറഞ്ഞു. ട്വിറ്റര്‍ പ്രശ്നം പരിഹരിക്കുന്നതുവരെ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കണമെന്നും പ്രിയാങ്ക് കനൂംഗോ ആവശ്യപ്പെട്ടു.
അന്വേഷണം നടത്തുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു ട്വിറ്റര്‍. കുട്ടികളുടെ ലൈംഗികത, സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച മറ്റ് വിഷയങ്ങള്‍ എന്നിവ എന്തുകൊണ്ട് പൊലീസിന് അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ട്വിറ്ററിന്റ ഇന്ത്യന്‍ ഓഫീസിനോട് ചോദിച്ചപ്പോള്‍ അത് ട്വിറ്റര്‍ ഇന്‍കോര്‍പറേറ്റഡ് എന്ന യുഎസ് കമ്പനിയുടെ അധികാരപരിധിയിലുള്ള വിഷയമാണെന്നായിരുന്നു മറുപടിയെന്നും പ്രിയാങ്ക് കനൂംഗോ പറഞ്ഞു. ട്വിറ്റര്‍ ഇന്ത്യയും ട്വിറ്റര്‍ ഇന്‍കോര്‍പറേറ്റഡും നുണ പറഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ പേരില്‍ ട്വിറ്റിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 199ാം വകുപ്പ് പ്രകാരം കേസുടക്കാന് കമ്മീഷന് ദല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
വിഷയത്തില്‍ ഐടി മന്ത്രാലയം ഇടപെടണമെന്നും ദേശീയ ബാലാവകാശകമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: