തിരുവനന്തപുരം: എഐഎഡിഎംകെയെ വീണ്ടും ശക്തമാക്കുമെന്ന് അണികളോട് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്ത് വിട്ട് തന്റെ രാഷ്ട്രീയതിരിച്ചുവരവ് പരോക്ഷമായി പ്രഖ്യാപിച്ച് ശശികല.
പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് ശശികലയുടേതായ ഈ ശബ്ദസന്ദേശം. ‘നിങ്ങള്‍ എല്ലാവരും സുരക്ഷിതമായും സുഖമായും ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. വിഷമിക്കേണ്ട കാര്യമില്ല. നമ്മള് പാര്‍ട്ടിയെ ശക്തിപ്പെടുത്തും,’ 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ ശശികല പറയുന്നു. ഈ ശബ്ദസന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
2017 ഫിബ്രവരിയിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ശശികലയ്ക്ക് വിധി.ച്ച നാല് വര്‍ഷത്തെ തടവശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. ജയലളിതയുടെ മരണശേഷം ശശികല എഐഎഡിഎംകെയുടെ തലപ്പത്ത് എത്തുമെന്ന അഭ്യൂഹം ശക്തമായ സമയത്തായിരുന്നു കോടതിവിധി. ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കെ. പളനിസ്വാമി നേതൃത്വത്തിലെത്തുകയും പരസ്പരം ഏറ്റുമുട്ടിയിരുന്ന പനീര്‍ശെല്‍വവും(ഒപിഎസ്) പളനിസ്വാമിയും(ഇപിഎസ്) തമ്മില്‍ രഞ്ജിപ്പിലെത്തുകയും ചെയ്തു. എ ഐഎഡിഎംകെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുകയും പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.
നാല് വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ ബെംഗലൂരുവില്‍ നിന്നും 2021ല്‍ തമിഴ്നാട്ടില്‍ തിരിച്ചെത്തിയ ശശികലയിലേക്കായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാധ്യമശ്രദ്ധ. എന്നാല്‍ ശശികല എ ഐഎഡിഎംകെയില്‍ മടങ്ങിവരില്ലെന്ന് പളനിസ്വാമി പ്രഖ്യാപിച്ചു. ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് ശശികല വൈകാതെ മൗനം പാലിച്ചു. തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തിലെത്തി. എ ഐഎഡിഎംകെ 66 സീറ്റുകളിലും ബിജെപിയും പിഎംകെയും ചേര്‍ന്ന് 9 സീറ്റുകളും നേടി.
ഈ സമയത്ത് ശശികലയുടേതായി പുറത്തുവന്ന ശബ്ദസന്ദേശം ജനങ്ങള്‍ക്കിടയില്‍ ശക്തമായ അഭ്യൂഹങ്ങള്‍ ഉണര്‍ത്തുന്നു. വീണ്ടും എ ഐഎഡിഎംകെയുടെ കടിഞ്ഞാണ്‍ കയ്യിലേന്തി ശശികല മടങ്ങിയെത്തുമെന്ന രീതിയില്‍ ധാരാളം സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: