പോരാട്ടം എത്ര കടുപ്പമേറിയതോ വിജയം അത്ര തിളക്കമേറിയതാകും. കൊവിഡ് മഹാമാരിക്കെതിരായ കഠിനപോരാട്ടത്തിനൊടുവില്‍ തിളക്കമേറിയ വിജയത്തിലേക്കാണ് ഇന്ത്യാ മഹാരാജ്യത്തെ ശ്രീ.നരേന്ദ്രമോദി നയിക്കുന്നത് എന്നതില്‍ ജനങ്ങള്‍ക്ക് സംശയമില്ല. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ജനവിശ്വാസം ഇരട്ടിയാകുന്നതേയുളളൂ. ഉത്തരവാദിത്വത്തിന്റെ ഭാരങ്ങളില്ലാതെ മാറി നിന്ന് വിമര്‍ശിക്കുന്നവര്‍ എന്തെല്ലാം പ്രചാരണങ്ങള്‍ അഴിച്ചുവിട്ടാലും അത് രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ വിലപ്പോവില്ല.
ലോകത്ത് മറ്റൊരു ഭരണാധികാരിക്കും നേരിടേണ്ടി വരാത്ത വെല്ലുവിളിയാണ് 138 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ തലവന്‍ ഈ മഹാമാരിക്കാലത്ത് നേരിടേണ്ടി വന്നത്. രാഷ്ട്രീയ മര്യാദയുടെ സകലസീമയും ലംഘിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി തനിക്കെതിരെ അണിനിരന്നപ്പോളും മനസാന്നിധ്യം കൈവിടാതെ മഹാമാരിക്കെതിരായ പോരാട്ടം നയിക്കുകയാണ് പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ നയങ്ങളെ മാത്രമല്ല, മനുഷ്യനെന്ന നിലയിലുള്ള വികാരങ്ങളെപ്പോലും പൊതുസമൂഹത്തില്‍ അധിക്ഷേപിക്കുന്ന നീചമായ രാഷ്ട്രീയമാണ് രാഹുല്ഗാന്ധിയെപ്പോലുള്ള നേതാക്കള്‍ നടത്തിവരുന്നത്.
മഹാമാരി രാജ്യത്തെ വരിഞ്ഞുമുറുക്കിയിട്ട് ഒന്നര വര്‍ഷമാകുമ്പോഴും 138 കോടി ജനങ്ങളില്‍ ഒരാളും പട്ടിണി മൂലം മരിച്ചില്ല. രണ്ടാം നരേന്ദ്രമോദിസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളാണ് രാജ്യത്തെ പട്ടിണിയുടെ പടുകുഴിയിലേക്ക് തള്ളിവിടാതിരുന്നത്. 2020 മാര്‍ച്ചില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നതിനെക്കാള്‍ ജനങ്ങള്‍ പട്ടിണി മൂലം മരിക്കുമെന്ന് പല രാജ്യാന്തരമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അത്തരം ആശങ്കകളെയെല്ലാം അസ്ഥാനത്താക്കി മുന്നേറാന്‍ ഈ രാജ്യത്തിന് കഴിഞ്ഞു. ലോക്ഡൗണിന് തൊട്ടുപിന്നാലെ നടപ്പാക്കിയ പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ യോജനയാണ് പട്ടിണി പഴങ്കഥയാക്കിയത്. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ അരിയും ഗോതമ്പും പയറുവര്ഗങ്ങളുമെത്തിച്ചു നല്കിയ പിഎംജികെവൈ ഇന്ത്യന്‍ ഭരണചരിത്രത്തിലെ തിളങ്ങുന്ന ഏടാണെന്നതില്‍ സംശയമില്ല.കൊവിഡ് രണ്ടാം തരംഗകാലത്തും ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തുവരികയാണ്. 26,000 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഈ മാസം കേരളത്തിന് കൈമാറിയത്.
രാജ്യത്തെ സ്വയംപര്യാപ്തതിയിലേക്ക് വളര്‍ത്താന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് ( സ്വാശ്രയ ഇന്ത്യ) പാക്കേജ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനൈപുണ്യത്തിന്റെ തെളിവാണ്. സ്വാശ്രയത്വത്തിലൂടെ ഇന്ത്യ കോവിഡിനെ മറികടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും പകര്‍ന്നു നല്കിയ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്ന രാജ്യത്ത് എല്ലാ മേഖലകളെയും ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചത്. ജിഡിപിയുടെ 13 ശതമാനം നീക്കി വച്ച പദ്ധതി കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരഭകര്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ക്ക് ഉണര്‍വും സ്വാശ്രയത്വബോധവും പകര്ന്നുനല്കുന്നതായി. ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന് അവതരിപ്പിച്ച അഞ്ച് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അഞ്ച് മിനി ബജറ്റുകള്‍ തന്നെയായിരുന്നു. കൊവിഡില്‍ കിതച്ച ഇന്ത്യന്സമ്പദ് വ്യവസ്ഥയ്ക്കുള്ള പ്രതിരോധ കുത്തിയവയ്പ്പായിരുന്നു ആത്മനിര്‍ഭര്‍ പാക്കേജുകള്‍.
ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യദൗത്യത്തിന് പുറമെ ആറുവര്‍ഷത്തിനകം ആരോഗ്യരംഗത്തെ മൂന്ന് തലങ്ങളില്മെച്ചപ്പെടുത്താനുള്ള പ്രത്യേകപദ്ധതിയും മഹാമാരിയുടെ പശ്ചാത്തലത്തില്‍ തയാറായിക്കഴിഞ്ഞു. 64,180 കോടി രൂപയാണ് ഇതിനായി ചെലവിടുക. കോവിഡ് വാക്സിന് വിതരണത്തിനായി 35,000 കോടിയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും നരേന്ദ്രമോദി സര്‍ക്കാള്‍ നീക്കിവച്ചത്.
45 വയസ്സിന് മുകളിലുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും കൊവിഡ് മുന്നണിപ്പോരാളികള്‍ക്കും സൗജന്യവാക്സിന് ലഭ്യമാക്കാന്‍ കഴിഞ്ഞത് രണ്ടാം മോദി സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളിലൊന്നാണ്. ഒറ്റവര്‍ഷം കൊണ്ട് രണ്ട് വാക്സിനുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞതും അതിലൊന്ന് തദ്ദേശീയ വാക്സിനായതും ചെറിയ കാര്യമല്ല. പ്രാണവായുവുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തുന്ന ഓക്സിജന്‍ എക്സ്പ്രസുകള്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണ്. കൊവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ഏപ്രില്‍ മാസത്തില്‍ത്തന്നെ തീരുമാനിച്ചത് പൗരന്മാരോടുള്ള കേന്ദ്രത്തിന്റെ കരുതലിന്റെ നേര്‍ച്ചിത്രമാണ്.
കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് ആത്മനിര്‍ഭര്‍ പാക്കേജ് ലക്ഷ്യമിടുന്നത്. പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ കൃത്യമായിത്തന്നെ കര്‍ഷകരുടെ അക്കൗണ്ടില്‍ പണമെത്തി. ലോക്ഡൗണില്‍ വിളവെടുപ്പും വില്‍പ്പനയും സാധ്യമാകാതെ പകച്ചുപോയ കര്‍ഷകര്‍ക്ക് ഈ പണം നല്കിയ ആശ്വാസം വലുതായിരുന്നു.1.50 ലക്ഷം കോടി രൂപയുടെ കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഗാന്ധിജിയുടെ സ്വപ്നമായ സ്വയം പര്യാപ്ത ഗ്രാമം എന്നതിലേക്കാണ് വലിയ വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി നമ്മെ നയിക്കുന്നത്. കേവലരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി കര്‍ഷകസഹോദരങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ചിലര്‍ നടത്തിയ പരിശ്രമങ്ങള്‍ പാളിപ്പോയതിന് കാരണവും സര്‍ക്കാരിന്റെ പദ്ധതികളാണ്.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയ അഞ്ചാം ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന് പൊതുവെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തൊഴില്‍, പണലഭ്യത തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു. 300 കോടി അധിക തൊഴില്‍ദിനങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,000കോടിയാണ് മാറ്റിവച്ചത്. വനിതാ സ്വാശ്രയസംഘങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈടില്ലാത്ത വായ്പ്പ കുടുംബശ്രീപോലെ നിരവധി വനിതാ സ്വാശ്രയസംഘങ്ങള്‍ക്ക് കരുത്തേകി.
കൊവിഡ് മഹാമാരിയുടെ കാലത്തെ ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷന് നേതൃത്വം നല്കാന് വിദേശകാര്യമന്ത്രാലയത്തിന് കഴിഞ്ഞത് അഭിമാനകരമായി കരുതുന്നു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ 67 ലക്ഷം ആളുകളെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയ്ക്ക് പുറമെ കപ്പല്‍ മാര്‍ഗവും മലയാളികളടക്കമുള്ള പ്രവാസികളെ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നമുക്കായി. വീട്ടുജോലിക്ക് പോയി ഇറാനിലെ കിഷ് ഐലന്‍ഡില്‍ കുടുങ്ങിയ കോഴിക്കോടുകാരി വല്‍സലയെ രക്ഷപ്പെടുത്തിയത് ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുന്നു. വല്‍സലയെപ്പോലെ കണ്ണീരോടെ വിളിച്ച നിരവധി സഹോദരങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങളുടെ സംയുക്ത ഇടപെടലിനായി.
കൊവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്തുക എന്ന ദൗത്യത്തില്‍ ഇപ്പോള്ുതതന്നെ പകുതി വിജയം കൈവരിക്കാന്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിനായി. ഈ വര്‍ഷമവസാനത്തോടെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് പൂര്‍ത്തിയാവും. പിന്നീട് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പതിന്മടങ്ങ് കരുത്തുറ്റതാക്കാനുള്ള പരിശ്രമങ്ങളിലേക്ക് ഈ സര്‍ക്കാര്‍ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: