പാരീസ്: റോളാങ് ഗാരോസില്‍ ആരവമുയരുകയായി. കളിമണ്‍ കോര്‍ട്ടിലെ ടെന്നീസ് രാജാവിനെയും റാണിയേയും നിശ്ചയിക്കുന്ന ഫ്രഞ്ച് ഓപ്പണിന് നാളെ തുടക്കം കുറിക്കും. രണ്ടാഴ്ച നീളുന്ന തീപ്പൊരി പോരാട്ടങ്ങള്‍ ജൂണ്‍ 13 ന് പുരുഷന്മാരുടെ ഫൈനലോടെ സമാപിക്കും.
ഫ്രഞ്ച് ഓപ്പണില്‍ കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള റാഫേല്‍ നദാല്‍ പതിനാലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ കളിമണ്‍ കോര്‍ട്ടിലിറങ്ങുന്നത്. എന്നാല്‍ മൂന്നാം സീഡായ നദാലിന് കിരീടത്തിലേക്കുള്ള വഴി എളുപ്പമാകില്ല. കാരണം ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററും കടുത്ത വെല്ലുവിളിയാകും. ഈ മൂന്ന് താരങ്ങളും പുരുഷന്മാരുടെ ഡ്രോയിലെ ഒരേ പകുതിയിലാണ് മത്സരിക്കുക. അതിനാല്‍ ഇവരില്‍ ഒരാള്‍ മാത്രമേ ഫൈനലില്‍ എത്തൂ.
ഡൊമിനിക് തീം, സ്റ്റെഫാനോസ് സിറ്റിസിപാസ്, ഡാനില്‍ മെദ്വദേവ്, അലക്സാണ്ടര്‍ സ്വെരേവ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ നദാല്‍, ദ്യോക്കോവിച്ച്, ഫെഡറര്‍ എന്നിവര്‍ക്ക് ശക്തമായ വെല്ലുവിളിയാകും.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ ഇഗാ സ്വയ്ടെക്ക് കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് വിട്ടുനിന്ന രണ്ടാം സീഡ് നവോമി ഒസാക്ക ഇത്തവണ തിരിച്ചുവരുന്നത് ഇഗയ്ക്ക് വെല്ലുവിളിയാകും. അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസും ഇഗയ്ക്ക് വിലങ്ങുതടിയായേക്കും. സെമിഫൈനലില്‍ മിക്കവാറും സെറീനയായിരിക്കും ഇഗയുടെ എതിരാളി. ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം എന്ന റെക്കോഡ് നേട്ടത്തിനൊപ്പം എത്താനുള്ള ശ്രമത്തിലാണ് സെറീന വില്ല്യംസ്.
ഫ്രഞ്ച് ഓപ്പണിന് തൊട്ടു മുമ്പ് പാര്‍മയിലെ കളിമണ്‍ കോര്‍ട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ്, ഡബിള്‍സ് കിരീടം ചൂടിയ അമേരിക്കയുടെ പതിനേഴുകാരിയായ കൊക്കൊ ഗൗഫ് ഇത്തവണ മുന്നിരത്താരങ്ങള്ക്ക് ഭീഷണിയാകും. 2019 ലെ വിംബിള്‍ഡണിലും 2020 ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും കൊക്കൊ ഗൗഫ് നാലാം റൗണ്ടില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: