തിരുവനന്തപുരം: ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനവും മുസ്ലിങ്ങള്‍ക്കായി മാറ്റിവച്ച ഇടതു വലതു സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഐഎന്‍എല്‍. പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരമാണ് ഉത്തരവിലുടെ 2015ല്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചത്. കോടതിയുടെ വിധി പ്രസ്താവന വിഷയം ആഴത്തില്‍ മനസ്സിലാക്കാതെയാണെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവും തൊഴില്‍പരവുമായ ഉന്നതിയാണ് 2015 ലെ ഉത്തരവ് മുഖാന്തരം നടപ്പാക്കാന്‍ ശ്രമിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
ക്രിസ്ത്യന്‍ സമുദായത്തിന് ജനസംഖ്യാനുപാതികമായുള്ള അര്‍ഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിന് മാത്രം 80 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പ്രസ്താവിച്ചു. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാതത്ത്വങ്ങളും മൈനോറിറ്റി കമ്മിഷന്‍ നിയമങ്ങളും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ചിന്നയ്യാ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് മുസ്ലിങ്ങള്‍ക്ക് 80 ശതമാനം സംവരണം അനുവദിച്ച ഉത്തരവുകളെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: