ന്യൂദല്‍ഹി: വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ നേരിട്ട് ഇന്ത്യക്കു കൈമാറണമെന്ന് ഡൊമിനിക്കയോട് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ അറസ്റ്റിലായത്. ഇതിനു പിന്നാലെ തന്നെ ഡൊമിനിക്കന്‍ അധികൃതരോട് ചോക്‌സിയെ കൈമാറുന്നതിനു വ്യക്തമായ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആന്റിഗയില്‍ നിന്ന് ഞായറാഴ്ച മുതല്‍ കാണാതായ ചോക്‌സിക്കു വേണ്ടി ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ ബുധനാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു 13,500 കോടി രൂപയുടെ വായ്‌പത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ചോക്‌സി. ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതല്‍ താമസം.
മെഹുല്‍ ചോക്‌സിയെ ആന്റിഗ്വയിലേക്കു തിരിച്ചുകൊണ്ടുവരരുതെന്നും ഇന്ത്യയിലേക്കു തിരിച്ചയയ്‌ക്കണമെന്നും അവിടെ ചോക്‌സി നിയമനടപടികള്‍ നേരിടണമെന്നും ഗാസ്റ്റണ്‍ ബ്രൗണ്‍ നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ആന്റിഗ്വയിലുള്ള അതേ അവകാശങ്ങളല്ല ചോക്‌സിക്ക് ഡൊമിനിക്കയിലുള്ളത്. നിക്ഷേപപദ്ധതിയുടെ പേരില്‍ 2017ല്‍ പൗരത്വമെടുത്ത ചോക്‌സി 2018 മുതല്‍ ആന്റിഗ്വയിലാണ് താമസിച്ചിരുന്നത്. ഡൊമിനിക്കന്‍ അധികൃതര്‍ക്ക് ചോക്‌സിയെ നേരിട്ട് ഇന്ത്യയിലേക്കു കയറ്റിവിടാമെന്നു ഗാസ്റ്റണ്‍ ബ്രൗണ്‍ പറയുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ ജയിലിലാണ്.
















