കോഴിക്കോട്: രാജ്യത്തെ 26 ദ്വീപുകളുടെ വികസനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷം ജനുവരി ആദ്യം. അതില്‍ 16 എണ്ണം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍. പത്തെണ്ണം ലക്ഷദ്വീപില്‍. ദ്വീപുകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ദ്വീപു നിവാസികളുടെ തൊഴിലില്ലായ്മ മാറ്റി വരുമാനം വര്‍ദ്ധിപ്പിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ടൂറിസ, വ്യവസായ പദ്ധതികളാണ് ആവിഷ്കരിച്ചത്. മറ്റ് എങ്ങും ഇല്ലാത്ത എതിര്‍പ്പ് ലക്ഷദ്വീപില്‍ രൂപപ്പെടുത്തിയത് ചില നിക്ഷിപ്ത താല്പര്യക്കാരാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് സംഭവങ്ങള്‍.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനമോ നിര്‍ദേശമോ അല്ല നടപ്പാക്കുന്നത്. ഒന്നര വര്‍ഷത്തോളം മുമ്പ് എടുത്ത് പ്രഖ്യാപിച്ച തീരുമാനങ്ങളാണ്. ഇപ്പോള്‍ ഗുജറാത്തുകാരന് ഉദ്യോഗസ്ഥന്, ബീഫ് നിരോധനം, കെട്ടിടം പൊളിക്കല്‍, മതവിരോധം, തുടങ്ങിയ ചേരുവകകള്‍ ഒന്നിപ്പിച്ച് നടത്തുന്ന കുപ്രചാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ തീരുമാനം നടപ്പാക്കിത്തുടങ്ങിയപ്പോള്‍.
ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സമുദ്രോല്‍പ്പന്നം, നാളികേര ഉല്‍പ്പന്നം എന്നിവയുടെ സംസ്കരണത്തിനും കയറ്റുമതിക്കും അടക്കം സൗകര്യം ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, ഇത് ദ്വീപുകളെയും പരിസരത്തേയും കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കുന്നതു വഴി ചിലരുടെ ഇടപാടുകള്‍ക്ക് തടസം നേരിടുമെന്നതാണ് ഒരു പ്രശ്നം. ദ്വീപുകളില്‍ത്തന്നെ സംസ്കരണ സംവിധാനം വരുന്നതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുന്നത് മറ്റ് ചിലര്‍ക്ക് അസൗകര്യമാകും.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഐലന്‍ഡ് ഡവലപ്മെന്റ് ഏജന്‍സിയുടെ ആറാമത് യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന് ജനുവരി 13നാണ് തീരുമാനങ്ങള്‍ എടുത്തത്. ദ്വീപുകളുടെ സമഗ്ര വികസനമായിരുന്നു കാര്യപരിപാടി. ആന്‍ഡമാന്‍ ദ്വീപുകളില്‍ നാലെണ്ണത്തിലും ലക്ഷദ്വീപില്‍ അഞ്ചെണ്ണത്തിലും കയറ്റുമതി, ടൂറിസം പദ്ധതികളാണ് തയ്യാറാക്കിയത്. രണ്ടാം ഘട്ടമായി 12 ദ്വീപുകളില്‍ ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കരയിലും കടലിലും ടൂറിസം പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള നിയമപരമായ എല്ലാ അനുമതികളും വാങ്ങാനും ആകാശ, ജല, ഡിജിറ്റല്‍ കണക്ടിവിറ്റികള്ക്കുള്ള സംവിധാനം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചിരുന്നു.
ദ്വീപുകളില്‍ ടെക്നോളജി അടിസ്ഥാനമാക്കി ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള വിജ്ഞാപനം 2019 ജനുവരി ഒന്നിന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. നിക്കോബാര്‍, മിനികോയ് എന്നിവിടങ്ങളില്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മിക്കാനും തീരുമാനമെടുത്തു. ഹരിത പ്രോട്ടോകോള്‍ പാലിച്ച് മത്സ്യബന്ധനം, സംഭരണം, സംസ്കരണം, കയറ്റുമതി, ഉല്‍പ്പന്ന വൈവിധ്യവല്കരണം തുടങ്ങിയവ വഴി ദ്വീപ്വാസികള്‍ക്ക് വരുമാന വര്‍ദ്ധനയും തൊഴില്‍ ലഭ്യതയും ഉറപ്പാക്കാനാണ് അമിത് ഷാ നിര്‍ദേശിച്ചത്. അതനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയത് നിതി ആയോഗ് ആയിരുന്നു. തീരസംരക്ഷണ നിയമം കര്‍ക്കശമായി പാലിക്കാനും ചട്ടം ലംഘിച്ച കെട്ടിടങ്ങള്‍ നീക്കാനും തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് ലക്ഷദ്വീപില്‍ താല്ക്കാലികവും സ്ഥിരവുമായ കെട്ടിടങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു, നടപടി തുടങ്ങിയത് ഇപ്പോഴാണ്.
കവരത്തി ദ്വീപില്‍, കപ്പല്‍ നങ്കൂരമിടുന്നത് കിലോമീറ്ററുകള്‍ അകലെ ആഴക്കടലിലാണ്. അവിടന്ന് ചെറു ബോട്ടില്‍ വേണം യാത്രക്കാര്‍ എംബാര്‍ക്കേഷന്‍ ജെട്ടിയിലെടുക്കാന്. ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഈ ജെട്ടിയുടെ പരിസരത്താണ് കൂടുതല്‍ സൗകര്യത്തില്‍ കടല്‍ത്തീരമുള്ളത്. എന്നാല്‍, ഇവിടെയാണ് താല്കാലിക മത്സ്യമൊരുക്കല് ഷെഡ്ഡുകളും വള്ളവും കയറ്റിവക്കലും. ഇവിടം കൂടുതല്‍ ആകര്‍ഷകമാക്കി, ഇവിടെ വള്ളവും വലയും സൂക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം നിര്‍മിച്ച് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ചിലര്‍ അതിനെ എതിര്‍ക്കുന്നത് മറ്റ് ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നാണ് ആക്ഷേപം.
കവരത്തി ബോട്ട് ജെട്ടി പരിസരത്തു നിന്നുള്ള അസ്തമയക്കാഴ്ചയാണിത്. ഇവിടെ കാഴ്ച മറച്ചും മറ്റ് അസൗകര്യങ്ങള്‍ ഉണ്ടാക്കിയും വ്യവസ്ഥയും നിയമപരമായ അനുമതിയുമില്ലാതെ ഇത്തരം താല്കാലിക ഷെഡ്ഡുകള്‍ ഏറെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: