ന്യൂദല്‍ഹി:വാക്സിന്റെ പേരില്‍ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര. വാക്‌സിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് അല്ലാതെ കടയില്‍ നിന്നും നേരിട്ട് പണം കൊടുത്ത് വാങ്ങാവുന്ന പാരസെറ്റമോളിനെക്കുറിച്ചല്ല എന്ന് കെജ്രിവാള്‍ മനസ്സിലാക്കണമെന്നും സമ്പിത് പത്ര പറഞ്ഞു. കേന്ദ്രം വേഗത്തില്‍ വിദേശത്ത് നിന്നും വാക്സിനുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നില്ലെന്ന ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സമ്പിത് പത്ര.
വാക്‌സിന്‍ സംഭരിക്കാന്‍ തീര്‍ച്ചയായും സമയം എടുക്കുമെന്ന് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് സമ്പിത് പത്ര പറഞ്ഞു. ഫൈസര്‍, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍, മൊഡേണ എന്നീ കമ്പനികളുമായി വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം മുതല്‍ കേന്ദ്രം വാക്‌സിന്‍ സംഭരിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. വാക്‌സിന്‍ പുറത്ത് നിന്നും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുക വഴി പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ ഒരു മിഥ്യാബോധം പരത്താന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ കേന്ദ്രം പുറത്തു നിന്നും വാക്‌സിന്‍ എത്തിക്കാന്‍ ശ്രമിച്ചുവരികയാണ്. – സമ്പിത് പത്ര പറഞ്ഞു.
വാക്സിന്‍ സംഭരണം എന്ന വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കെ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നതിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തി. വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രതിപക്ഷം നുണ പറയാന്‍ ശ്രമിക്കുകയാണ്.
റഷ്യയില്‍ നിന്നും സ്ഫുട്‌നിക് വാകിസന്‍ കൊണ്ടുവന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. റെഡ്ഡീസ് ലാബുമായി ചേര്‍ന്നത് സ്ഫുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. അരവിന്ദ് കെജ്രിവാള്‍ ദിനംപ്രതി വാക്‌സിനെക്കുറിച്ച് പത്രസമ്മേളനങ്ങള്‍ നടത്തുകയാണ്. വാക്‌സിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്ന് കെജ്രിവാള്‍ മനസ്സിലാക്കണമെന്നും ഇതെല്ലാം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണെന്നും സമ്പിത് പത്ര പറഞ്ഞു.
കോവിഡ് മഹാമാരിക്കിടയില്‍ വിദേശവാക്‌സിന്‍ ഇന്ത്യയിലെത്താന്‍ നിയമങ്ങള്‍ വരെ കേന്ദ്ര സര്‍ക്കാര്‍ മയപ്പെടുത്തി. നേരിട്ട് മരുന്ന് ഇന്ത്യയിലെത്താന്‍ ട്രയലുകള്‍ വരെ വേണ്ടെന്ന് വെക്കാന്‍ പോലും കേന്ദ്രം തയ്യാറായതാണ്. കോവാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ മൂന്ന് പ്രധാന കമ്പനികള്‍ക്ക് ഉല്‍പാദനലൈസന്‍സ് നല്‍കാന്‍ പോകുകയാണ്. ഇപ്പോള്‍ ഒരു മാസം ഒരു കോടി വാക്‌സിന്‍ നിര്‍മ്മിക്കാന്‍ മാത്രമാണ് ഭാരത് ബയോടെകിന് സാധിക്കുന്നുള്ളൂ. ഒക്ടോബറോടെ മാസം തോറും ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ വീതം നിര്‍മ്മിച്ച് തുടങ്ങാന്‍ ഇന്ത്യയ്‌ക്ക് കഴിയും.
സ്ഫുട്‌നിക് ഇന്ത്യയില്‍ റെഡ്ഡീസ് ലാബിന് പുറമെ മറ്റ് ആറ് കമ്പനികള്‍ കൂടി നിര്‍മ്മിക്കും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കെജ്രിവാളിനെ സമ്പിത് പത്ര രൂക്ഷമായി വിമര്‍ശിച്ചു. ലോകത്തിലെ കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നതേയുള്ളൂ എന്നും സമ്പിത് പത്ര പറഞ്ഞു. ഇത് സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഇത് സംബന്ധിച്ച് ഇന്ത്യയിലും പരീക്ഷണം തുടങ്ങും.
ദല്‍ഹിക്ക് മാത്രമായി 45 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം നല്‍കി. എന്നാല്‍ വെറും എട്ട് ലക്ഷം ഡോസുകള്‍ മാത്രമാണ് ദല്‍ഹി സര്ക്കാര്‍ കമ്പനികളില്‍ നിന്നും വാങ്ങിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ തന്നെ ഒമ്പത് ലക്ഷം വാക്‌സിനുകള്‍ ദല്‍ഹിയില്‍ വാങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: