കോട്ടയം: കോണ്‍ഗ്രസില്‍ സ്ത്രീകള്‍ അവഗണന നേരിടുകയാണെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരകളായി സ്ത്രീകള്‍ മാറുകയാണെന്നും മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കുപോലും നീതി വാങ്ങിക്കൊടുക്കാന്‍ തനിക്കായില്ല. എന്‍സിപി പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ത്താസമ്മേളനത്തിനിടെ പലതവണ അവരുടെ കണ്ണുകള്‍ നിറഞ്ഞു.
40 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റി. വിഎസിനെതിരെ മത്സരിക്കാന്‍ നിയോഗിച്ചപ്പോഴും മടി കാണിച്ചില്ല. ഒരു പരിചയവും ഇല്ലാത്ത മണ്ഡലത്തില്‍ പോയി മത്സരിച്ചു. പതിറ്റാണ്ടുകളായി ആത്മാര്‍ത്ഥതയോടെയും വിശ്വാസ്യതയോടെയും പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടേണ്ടിവന്നു. അഭിപ്രായം പറയുന്നവരെ പാര്‍ട്ടിയില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും മാറ്റുന്നതാണ് കോണ്‍ഗ്രസിലെ പ്രവണത.
ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നും തലമുണ്ഡനം ചെയ്തതെന്നും കരുതുന്നവരുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി സ്ത്രീകള്‍ നേരിടുന്ന അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് പോലും സീറ്റുകള്‍ നിഷേധിക്കപ്പെട്ടു. കെപിസിസി അംഗങ്ങള്‍ നേരിട്ട് ഇതിനായി ഇടപെട്ടു. പലരെയും സ്ഥാനാര്‍ത്ഥികളായി കെട്ടിയിറക്കുകയായിരുന്നു. ഈ തെഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ലിസ്റ്റ് നല്കി. തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവണമെന്ന് ആവശ്യവും ഉയര്‍ത്തി. എന്നാല്‍, സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ പോലും സുതാര്യത ഉണ്ടായില്ല.
ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലായിരുന്നു അത്. മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് അത്തരം ഒരു സാഹചര്യം ഉണ്ടാക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആരും തിരികെ വിളിക്കുകയോ എന്തെങ്കിലും ഒരു അനുകൂല നിലപാട് സ്വീകരിക്കുകയോ ചെയ്തില്ല. തുടര്‍ന്നാണ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തതും സ്ഥാനം രാജിവച്ചതും. മത്സരിക്കാനുള്ള തീരുമാനം നിലപാടായിരുന്നു. ഒരു പാര്‍ട്ടിയുടെയും കൊടിയുടെയും പിന്‍ബലമില്ലാതെയാണ് മത്സരിച്ചത്. പിന്തുണച്ചവര്‍ക്ക് കൂടെ നിന്നവര്‍ക്കും നന്ദി അറിയിക്കുന്നു.
മുന്നണി മാറ്റവും പാര്‍ട്ടി മാറ്റവുമൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടില്‍ മാറ്റമില്ല. ഇക്കാര്യം പാര്‍ട്ടിയിലും മുന്നണിയിലും ഉന്നയിക്കും. കെ.കെ. ശൈലജയ്ക്ക് വീണ്ടും അവസരം നല്‍കാത്തതില്‍ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ അത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. മൂന്ന് വനിതകള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്.
ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര് എന്‍സിപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലതികാ സുഭാഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: