കൊല്ലം: ചവറ കെഎംഎംഎലില്‍ സിഐടിയു നേതാവിന്റെ ബന്ധുവിനെ എല്ലാ മാനദണ്ഡങ്ങളും ഹൈക്കോടതി ഉത്തരവും കാറ്റില്‍പറത്തി നിയമിച്ചത് വിവാദമാകുന്നു. കെഎംഎല്‍എല്ലിലെ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കാണ് സിപിഎം ചവറ ഏരിയാ കമ്മിറ്റിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം സിഐടിയു നേതാവിന്റെ ബന്ധുവായ എസ്.റഹ്മത്തുനിസയെ കഴിഞ്ഞ ദിവസം സകലമാനദണ്ഡങ്ങളും മറികടന്ന് നിയമിച്ചത്. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2019 മാര്‍ച്ചിലാണ് എഴുത്തുപരീക്ഷ നടന്നത്. അന്ന് എഴുത്തുപരീക്ഷയില്‍ ആലപ്പുഴ താമരക്കുളം സ്വദേശിനി നയനാ രാജീവാണ് ഒന്നാമതെത്തിയത്. പത്തിലധികം പേര് എഴുത്തുപരീക്ഷയില്‍ പങ്കെടുത്തിരുന്നു. നയനക്ക് 54.8 മാര്‍ക്കാണ് ലഭിച്ചത്. തുടര്‍ന്ന് നടന്ന ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ചര്‍ച്ചയിലും നയന മുന്നിലായിരുന്നു.
എന്നാല്‍ ഈ നിയമനത്തിലെ രാഷ്ട്രീയ താല്‍പ്പര്യം പിന്നീടാണ് പുറത്തായത്. എഴുത്തുപരീക്ഷയില്‍ നയനയെക്കാള്‍ ഏറെ പിന്നിലായ റഹുമത്ത് നിസക്ക് നിയമനം നല്കാന് പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലെയും കൊല്ലം ജില്ലാകമ്മിറ്റിയിലെയും ചിലര്‍ ശക്തമായി ഇടപെട്ടു. ഇതിനെതിരെ പാര്‍ട്ടിഅണികള്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ ഇടപെടല്‍ നടത്തി. സിടിയു നേതാവിന്റെ ഇടപെടലുകള്‍ക്കെതിരെ നില്ക്കുന്ന അണികളാണ് അതിനുപിന്നിലെന്ന് കണ്ടെത്തി. കമ്മിറ്റികളിലും തര്‍ക്കമായി. എന്നാല്‍ വ്യവസായ മന്ത്രിയുടെ ഓഫീസ് ഇതോടെ റഹുമത്തിനെ നിയമിക്കാനുള്ള അണിയറ നീക്കവും തുടങ്ങി.
നിയമനത്തിലെ രാഷ്ട്രീയ ഇടപെടല്‍ പുറത്തായതോടെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള നയനയുടെ വീട്ടുകാരും രാഷ്ടീയഇടപെടലിലേക്ക് നീങ്ങി. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയും മന്ത്രി ജി.സുധാകരനും അടക്കമുള്ളവര്‍ നയനയ്ക്ക് വേണ്ടി രംഗത്തുവന്നു. ഒടുവില്‍ മത്സരം കൊല്ലം, ആലപ്പുഴ ജില്ലാകമ്മിറ്റികള്‍ തമ്മിലായി. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയത്തിന് മീതെ വ്യവസായമന്ത്രിയുടെ ഓഫീസില്‍ സിഐടിയു നേതാവിന്റെ ബന്ധു നടത്തിയ വഴിവിട്ട സ്വാധീനം പ്രകടമായത്.
അഭിമുഖത്തില്‍ വരാവുന്ന ഈ അട്ടിമറി നേരത്തെ മണത്തറിഞ്ഞ നയന ഹൈക്കോടതിയെ സമീപിച്ചു. അഡ്വ.കാളീശ്വരം രാജ് മുഖേന നല്കിയ കേസില്‍ പഴയ അഭിമുഖത്തിന്റെ ലിസ്റ്റ് ഇട്ടില്ലെന്ന വിചിത്രമായ വാദഗതി കെഎംഎംഎല്‍ ഉന്നയിച്ചു. വീണ്ടും ഒരു മാസത്തിനകം അഭിമുഖം നടത്താന്‍ കോടതി ഫെബ്രുവരിയില്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടന്ന രണ്ടാം അഭിമുഖത്തിലും നയന ഒന്നാമതെത്തി എന്നാണ് രഹസ്യമായി ലഭിച്ച വിവരം. എന്നാല്‍ സിഐടിയു നേതാവിന്റെ ബന്ധു തന്നെ ഒന്നാമത്തെത്തി. ഈ ഉദ്യോഗാര്‍ഥി പിന്നിലായതോടെ അഭിമുഖത്തില്‍ ക്രമംവിട്ട് മാര്‍ക്ക് നല്‍കിയാണ് നേതാവിന്റെ ബന്ധുവിന് നിയമനം നല്‍കിയത്. എഴുത്തുപരീക്ഷയില്‍ നയനയ്ക്ക് 80ല്‍ 54.8 മാര്‍ക്ക് ലഭിച്ചപ്പോള്‍ ഇപ്പോള്‍ നിയമനം ലഭിച്ച റഹുമത്ത്നിസക്ക് ലഭിച്ചതാകട്ടെ 48.3 മാര്‍ക്കും. എഴുത്തുപരീക്ഷയില്‍ പിന്നിലായതോടെ അഭിമുഖം കരുവാക്കി നേരത്തെ നിശ്ചയിച്ച ഈ ഉദ്യോഗാര്‍ഥിയെ തന്നെ നിയമിക്കുകയായിരുന്നു. അഭിമുഖത്തിന്റെ ലിസ്റ്റ് പുറത്തുവിട്ടെങ്കിലും മാര്‍ക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതെല്ലാം അട്ടിമറി ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവത്രേ.
എഴുത്തുപരീക്ഷയില്‍ ഒന്നാമത് വന്നിട്ടും നിയമനം നല്കാത്തതിനെയാണ് നയന ഹൈക്കോടതില്‍ ചോദ്യം ചെയ്തത്. സിഐടിയുവിന്റെ നേതാവിന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമം നടക്കുന്നുണ്ടന്നും നയന ഹൈക്കോടതിയെ ധരിപ്പിച്ചു. ആദ്യം നടത്തിയ അഭിമുഖത്തിലെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിടാന്‍ കെഎംഎംഎല്‍ മടിച്ചതോടെ ഹൈക്കോടതിയാണ് നിയമന പ്രശ്നത്തില്‍ ഇടപെട്ടത്. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം നടന്ന രണ്ടാമത് നടന്ന അഭിമുഖത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.
കോടതിയെ അറിയിക്കാതെ നടത്തുന്ന നിയമനം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി കഴിഞ്ഞദിവസം നടന്ന വാദത്തില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഭിമുഖം നടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഫലം പുറത്ത് വിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഒരു അഭിമുഖം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ അഭിമുഖത്തിന്റെ ഫലം പുറത്ത് വിടാതിരിക്കാന്‍ കാരണം നിയമന അട്ടിമറിയാണ് എന്ന് പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്‍പ് തന്നെ പഴയ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരക്കിട്ട് നിയമനം നടത്തുകയായിരുന്നു.
എം.എസ്. ജയച്ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: