തിരുവനന്തപുരം: തകര്‍ന്ന റോഡുകളെപ്പറ്റിയുള്ള പരാതി പറയാന്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പിനെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളക്കെട്ട് തുടങ്ങി എല്ലാ പ്രശ്നങ്ങളും പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിക്കാനായി മൂന്നു വര്‍ഷം മുമ്പാണ് സുധാകരന്റെ നേതൃത്വത്തില്‍ ‘പിഡബ്ല്യുഡി ഫിക്സിറ്റ്’ പുറത്തിറക്കിയത്. റോഡില്‍ ഒരു കുഴി കണ്ടാല്‍ സ്മാര്‍ട്ട് ഫോണില്‍ ചിത്രമെടുത്ത് ഈ ആപ്പില്‍ ടാഗ് ചെയ്താല്‍ വേഗത്തില്‍ പരിഹാരം ഉണ്ടാകുമെന്നാണ് അന്ന് പൊതുമാമത്ത് അറിയിച്ചത്.
റോഡിലെ കുഴികളടയ്ക്കുന്നതു പരിഹരിക്കുന്നതിന് പുറമെ പ്രവര്‍ത്തനക്ഷമമല്ലാത്ത ട്രാഫിക് സിഗ്നലുകള്‍, ഒടിഞ്ഞുതൂങ്ങിനില്ക്കുന്ന ഗതാഗത കുരുക്കുണ്ടാക്കുന്ന തൂണുകള്‍, മരക്കൊമ്പുകള്‍, ഒഴുക്കില്ലാത്ത ഓടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും പരിഹരിക്കുന്നതിനു ആപ്പില്‍ സംവിധാനം ഒഴുക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹബ്സ്പൈറാണ് ലക്ഷങ്ങള്‍ മുടക്കി ഈ ആപ് നിര്‍മ്മിച്ചത്. ‘പിഡബ്ല്യുഡി ഫിക്സിറ്റ്’ ഇപ്പോഴും പ്ലേ സ്റ്റേറിലും ഐഒഎസിലു ലഭ്യമാണ്. ഈ സംവിധാനം നിലവില്‍ ഉണ്ടായിരിക്കെയാണ് റിയാസ് മന്ത്രിയുടെ പുതിയ ആപ്പ് പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ഇതു ധൂര്‍ത്താണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പൊതുമരാമന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന:
സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുകയാണ്. റോഡുകളെ പറ്റിയുള്ള പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ആര്‍എംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഓരുങ്ങുന്നത്. ശാസ്ത്രീയമായ രീതിയില്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ റോഡുകളുടെ പരിപാലാനം സാധ്യമാക്കുന്ന രീതിയാണിത്.
ഇതുവഴി മൈന്റനസ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: