കൊല്‍ക്കത്ത: ബംഗാളില്‍ നാരദാ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത രണ്ട് മന്ത്രിമാരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മന്ത്രിമാരുടെ ഇടക്കാല ജാമ്യഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ ഉള്‍പ്പെട്ട ബെഞ്ച് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.
വീട്ടുതടങ്കലാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോള്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരിജിത് ബാനര്‍ജി ജാമ്യം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ ജാമ്യഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതുവരെ കൊവിഡ് സാഹചര്യം പരിഗണിച്ച് വീട്ടുതടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
അതേസമയം മന്ത്രിമാര്‍ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്വിയും സിദ്ധാര്‍ഥ് ലുത്രയും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് വിശാലബെഞ്ച് രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വീട്ടുതടങ്കല്‍ അറസ്റ്റിനു തുല്യമാണെന്നും മന്ത്രിമാരെ മോചിപ്പിക്കണമെന്നും അഭിഷേക് സിങ്വി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ് പ്രകാരം വീടുകളില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രോഷാകുലയായ മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫിസിലെത്തി ആറു മണിക്കൂര്‍ പ്രതിഷേധിച്ചു. മന്ത്രിമാര്‍ക്കു ജാമ്യം അനുവദിച്ച കീഴ്ക്കോടതി വിധി തിങ്കളാഴ്ച രാത്രി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
2014ല്‍ നാരദാ ന്യൂസ് പോര്‍ട്ടലിനു വേണ്ടി മാത്യു സാമുവല്‍ എന്ന മാധ്യമപ്രവര്ത്തകന് നിക്ഷേപകനെന്ന വ്യാജേന ഏഴ് തൃണമൂല്‍ എംപിമാര്‍ക്കും നാല് മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും ഒരു 0േപാലീസ് ഉദ്യോഗസ്ഥനും കൈക്കൂലി നല്‍കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 2017 മാര്‍ച്ചില്‍ കൊല്‍ക്കത്ത ഹൈക്കോടതി കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: