മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും.
വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യയുടെ ഒന്നാംനിര ടീം ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളടെ ടെസ്റ്റ് പരമ്പര കളിക്കുന്നവേളയിലാണ് ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തുക.
ഇന്ത്യ എ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുള്ള രാഹുല്‍ ദ്രാവിഡ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുമെന്ന് ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഭാരവാഹി അറിയിച്ചു.
ജൂണ്‍ അവസാനത്തോടെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കും. മലയാളിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയേക്കും. ഏകദിന മത്സരങ്ങള്‍ ജൂലൈ 13, 16, 19 തീയതികളിലാണ് നടക്കുക. ജൂലൈ 22 മുതല്‍ 27 വരെയാണ് ടി 20 മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: