ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടാണെന്നും പ്രധാനമന്ത്രിയുടെ യോഗം അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നുവെന്നും ബിജെപി നേതാവും മമതയെ നിയമസഭാതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ച സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി. ഭരണനിര്‍വ്വഹണത്തില്‍ അവര്‍ക്ക് താല്പര്യമില്ലെന്നത് ഒരിയ്ക്കല്‍ കൂടി അവര്‍ തുറന്നുകാണിച്ചുവെന്നും സുവേന്ദു പറഞ്ഞു.
വ്യാഴാഴ്ച മുഖ്യമന്ത്രിമാരും ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന് നടത്തിയ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്ത തനിക്ക് അഭിപ്രായം പറയാന്‍ പ്രധാനമന്ത്രി അവസരം നല്‍കിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ആരോപണമുയര്‍ത്തിയിരുന്നു. ‘കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായും ഒട്ടേറെ യോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ മമത ഒറ്റ യോഗത്തില്‍ പോലും പങ്കെടുത്തിരുന്നില്ല,’ സുവേന്ദു കുറ്റപ്പെടുത്തി.
ഭരണനിര്‍വ്വഹണത്തില്‍ താല്പര്യമില്ലെന്ന് ഈ സംഭവത്തിലൂടെ മമത ഒരിയ്ക്കല്‍ കൂടി തെളിയിച്ചു. പ്രധാനമന്ത്രിയും ജില്ലാ കളക്ടര്‍മാരും തമ്മില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സുവേന്ദു ആരോപിച്ചു.
സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്. എന്നാല്‍ മമതയ്ക്ക് ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിലുള്ള ഫെഡറലിസത്തില്‍ മാത്രമേ വിശ്വാസമുള്ളൂ- സുവേന്ദു പറഞ്ഞു.
മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ യോഗം അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് ആരോപിച്ചു. ‘മമത യോഗത്തില്‍ തീരെ മര്യാദയില്ലാതെ പെരുമാറി. ജില്ലാകളക്ടര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത് എന്നാണ് കേള്‍ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിച്ചത്. അതില്‍ തെറ്റുണ്ടോ?’ രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: