അമ്പലപ്പുഴ: പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട പൊതുപ്രവര്ത്തകന് മാസ്ക്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയത് വിവാദമാകുന്നു. താന്‍ പൊതുതോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസാണ് ഇന്നലെ രാവിലെ ഇങ്ങനൊരു ഉദ്യമത്തിനൊരുങ്ങിയത്. എസ്എന്‍ കവല കഞ്ഞിപ്പാടം തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി തോട്ടില്‍ ഇറങ്ങി നില്ക്കുന്നതും ചവറുവാരി കൈയ്യില്‍ പിടിച്ചു നില്ക്കുന്നതുമായ ചിത്രങ്ങളാണ് സുഹൃത്തുക്കളെകൊണ്ട് മൊബൈലില്‍ പകര്‍ത്തിയത്. പ്രസിഡന്റ് മാസ്ക്ക് ധരിച്ചിട്ടില്ലെങ്കിലും കൂടെയുള്ള യുവാക്കള്‍ മാസ്ക്ക് ധരിച്ചിട്ടുണ്ട്.
കൊറോണ വ്യാപനം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചും രണ്ട് മാസ്ക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സിപിഎം പഞ്ചായത്ത് അംഗവും ഇടത് യുവജനനേതാവുമായ പഞ്ചായത്ത് പ്രസിഡന്റിന് ഇതൊന്നും ബാധകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാകള്‍ ജോലി ചെയ്യുന്നിടത്തെത്തി മാസ്ക്ക് ധരിക്കാന്‍ കര്‍ശനം നിര്‍ദ്ദേശം നല്കിയ പ്രസിഡന്റ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത് ചര്‍ച്ചയാകുകയാണ്. പ്രസിഡന്റിന്റെ പ്രവര്‍ത്തനരീതിയില്‍ സ്വന്തം അംഗങ്ങള്‍ക്ക് പോലും നീരസമുണ്ട്. കോവിഡ് മഹാമാരി കെട്ടടങ്ങുന്ന മുറക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്താനാണിട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: