ന്യൂദല്‍ഹി: കൊവിഡ് വൈറസിന് പിന്നാലെ രാജ്യത്തിന്റെ ആരോഗ്യ മേഖലയ്‌ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി കറുത്ത പൂപ്പല്‍ രോഗം വ്യാപിക്കുന്നു. ദല്‍ഹി, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ തുടങ്ങിയ നഗരങ്ങളില്‍ ഈ പുതിയ രോഗം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. അന്ധത മുതല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രോഗമാണ് കറുത്ത പൂപ്പല്‍ രോഗം.
അപൂര്‍വ രോഗമാണെങ്കിലും കൊവിഡ് രോഗികള്‍ക്കും കൊവിഡ് സുഖപ്പെട്ട രോഗികള്‍ക്കും ഈ രോഗം ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. മുകൊര്‍മൈകൊസിസ് പൂപ്പല്‍ ബാധിച്ചുണ്ടാകുന്ന രോഗത്തെയാണ് കറുത്ത പൂപ്പല്‍ രോഗം അഥവാ ബ്ലാക് ഫംഗസ് രോഗം എന്നു വിളിക്കുന്നത്. സാധാരണ മണ്ണിലും നനഞ്ഞ പ്രതലങ്ങളിലും കണ്ടുവരുന്ന പൂപ്പല്‍ ആണിത്. മൂക്ക്, കണ്ണ്, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയവയേയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, മുഖത്തൊ കവിളിലോ വേദന, കണ്ണിന് വേദന, നീര്, തലവേദന, പല്ലുവേദന, അകാരണമായി പല്ല് കൊഴിഞ്ഞു പോകല്‍, പനി തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് 25 ദിവസത്തിലേറെ വേദന സംഹാരികള്‍ സ്വീകരിച്ചവര്‍ക്ക് ഈ പൂപ്പല്‍ രോഗം കടുത്ത വെല്ലുവിളിയാണ്. രക്തത്തിലെ പഞ്ചസാരുടെ അളവ് നിയന്ത്രിക്കാത്ത പ്രമേഹ രോഗികള്‍ക്കും രോഗ പ്രതിരോധ ശേഷി കുറവുള്ള എച്ച്‌ഐവി ബാധിതര്‍, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഈ പൂപ്പല്‍ രോഗം വലിയ ദോഷം വരുത്തുന്നുണ്ട്.
എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ നടത്തിയാണ് രോഗം കണ്ടെത്തുന്നത്. പ്രമേഹം നിയന്ത്രിച്ചും വേദനസംഹാരികള്‍ കുറച്ചും രോഗ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ഉപയോഗം കുറച്ചുമാണ് കറുത്ത പൂപ്പല്‍ രോഗത്തിന് ചികിത്സ നിശ്ചയിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുകയും വേദന സംഹാരികള്‍ കഴിവതും ഒഴിവാക്കിയും ഫംഗസ് ബാധയേല്‍ക്കാതെ മുഖത്ത് മാസ്‌ക് ധരിച്ചുമാണ് രോഗബാധയേല്‍ക്കാതെ മുന്‍കരുതലെടുക്കേണ്ടത്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധിക്കുന്ന ഈ രോഗം കൃത്രിമ ശ്വാസം നല്‍കുമ്പോഴും ജലം മുഖാന്തരവും പകര്‍ന്നേക്കാം.
രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ 50 മുതല്‍ 80 ശതമാനം വരെ മരണം സംഭവിച്ചേക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൂപ്പല്‍ രോഗങ്ങള്‍ സസ്യങ്ങള്‍ക്ക് സാധാരണമാണെങ്കിലും മനുഷ്യര്‍ക്ക് അപൂര്‍വമായാണ് ഇവ ബാധിക്കുന്നത്. കൊവിഡ് രോഗികള്‍ക്കും രോഗമുക്തി നേടിയവര്‍ക്കും ഈ രോഗം ബാധിക്കുന്നതിന്റെ കാരണം ശാസ്ത്ര ലോകം പഠനത്തിന് വിധേയമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: