തുടര്‍ഭരണം കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുത്തനാണ്.രണ്ടു തവണ മുഖ്യമന്ത്രിയായ ഇഎം ശങ്കരന് നമ്പൂതിരിപ്പാടിന് ഒരുതവണപോലും കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല. ഇ.കെ. നായനാരുടെയും വി.എസ് അച്യുതാനന്ദന്റെയും പി.കെ.വാസുദേവന്‍നായരുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കമ്മ്യൂണിസ്റ്റുകാരനായ സി. അച്യുതമേനോന് കാലാവധിയും കടന്ന് ഭരിച്ചു. പക്ഷേ അത് കോണ്‍ഗ്രസ്സുകാരുടെ ഔദാര്യം കൊണ്ടു മാത്രം. പിണറായി വിജയന് പതിവിന് വിപരീതമായി തുടര്‍ഭരണത്തിന് അവസരമുണ്ടാക്കി. അതിന്ചെയ്ത വിട്ടുവീഴ്ചകള്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കില്ലേ എന്ന സംശയം ശക്തമാണ്.
തീവ്ര വര്‍ഗീയ, ഭീകരരുമായി എന്തൊക്കെ കാര്യത്തിലാണ് ധാരണയിലെത്തിയതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മുസ്ലീംലീഗിന്റെ വര്‍ഗീയനിലപാടില്‍ ശക്തിപോരെന്ന വാശിയില്‍ രൂപീകൃതമായ ഇന്ത്യന്‍ നാഷണല്‍ ലീഗിന് മന്ത്രിസഭയില്‍ സ്ഥാനം നല്കുന്നു. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സിമിയെ താലോലിക്കുന്ന വ്യക്തിയെ ആദ്യ മന്ത്രിസഭയിലെടുത്ത് മാന്യത നല്‍കിയത് വിസ്മരിക്കുന്നില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ തീരുമാനം.
തുടര്‍ഭരണം മുഖ്യമന്ത്രിക്ക് മാത്രമാണ്. ഒന്നാം മന്ത്രിസഭയിലെ സ്വന്തം പാര്‍ട്ടിക്കാരൊടെല്ലാം കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചിരിക്കുന്നു. സിപിഐക്കാരോടും പുതുമുഖങ്ങളെ ഇറക്കണമെന്ന് കല്പിച്ചതും നടപ്പാക്കുന്നു.
ആദ്യമന്ത്രിസഭയില്‍ മിടുക്കരെന്ന് വിലയിരുത്തിയവര്‍ക്കെല്ലാം ലാല്‍സലാം പറഞ്ഞു. അതില്‍ ഒരാള്‍ തുടര്‍ന്നും മന്ത്രിസഭയിലുണ്ടാകുമെന്ന് പരക്കെ വിശ്വസിച്ചിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച മഹതിയാണിവര്‍. നിപ്പയേയും കൊവിഡിനേയും പിടിച്ചുകെട്ടിയ മന്ത്രിയെന്ന് കൊട്ടിഘോഷിച്ചിരുന്നു. വിവരമുള്ളവരെല്ലാം അന്നേ പറഞ്ഞു. ഇത് ഊതിവീര്‍പ്പിച്ച ബലൂണാണെന്ന്. അതിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ആരോഗ്യമന്ത്രിയേയും ഉപേക്ഷിച്ചു. പുതുമുഖങ്ങളെ അണിനിരത്തിയപ്പോള്‍ കന്നിക്കാരനായ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാന്‍ മറന്നില്ല. മകളുടെ ഭര്‍ത്താവാണല്ലൊ. കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ട.് എന്നാല്‍ വയനാട്, കാസര്‍കോഡ് ജില്ലകള്‍ മന്ത്രി പട്ടികയില്‍ നിന്ന് ത ഴയപ്പെട്ടു. ചെറുപ്പത്തിന്റെ ആനുകൂല്യമാണെങ്കില്‍ തലശ്ശേരിയിലെ രണ്ടാം ഊഴക്കാരന് ഷംസീര്‍ എന്തുകൊണ്ട് കണ്ണില്‍പെട്ടില്ല. റിയാസിന്റെ പേരുവന്നപ്പോള്‍ ‘അതു വേണോ’ എന്ന് ചോദിച്ചതാകുമോ ശൈലജയ്ക്ക് വിനയായത്. ഏതായാലും 88 അംഗ സംസ്ഥാനസമിതിയില്‍ ഏഴുപേര്‍ മാത്രമേ ടീച്ചര്‍ക്ക് ഒപ്പമുണ്ടായിരുന്നുള്ളൂ എന്ന ശ്രുതിയുമുണ്ട്. റിയാസിന് ബന്ധുബലം എന്നതു പോലെ പ്രൊഫ.ബിന്ദുവിനുമുണ്ട് ബന്ധുബലം. സിപിഎം ആക്ടിംഗ് സെക്രട്ടറിയുടെ ഭാര്യയാണവര്. പള്ളിയുടെയും പട്ടക്കാരുടെയും നിര്‍ബന്ധവും നിര്‍ദ്ദേശവും കണക്കിലെടുത്തുകൊണ്ടുതന്നെ ഉണ്ടാക്കിയ മന്ത്രിപ്പട്ടികയില്‍ വ്യത്യസ്തവും വിചിത്രവുമായ കാര്യങ്ങളുണ്ട്.
സിപിഐയുടെ നാല് മന്ത്രിമാരില്‍ ഒരു വനിതയുണ്ട്. ചിഞ്ചുറാണി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനു ശേഷം സിപിഐ മന്ത്രിയാകുന്ന ആദ്യ വനിതയാണവര്‍. മൂന്ന് വനിതാ മന്ത്രിമാരുണ്ടാകുന്ന കേരളത്തിലെ ആദ്യമന്ത്രിസഭയും ഇതുതന്നെ. മന്ത്രിപദവി പങ്കിട്ടെടുക്കുന്നതിന് തീരുമാനം വന്നതു പുതുമനല്‍കുന്നു. ആദ്യ ഊഴം രണ്ടരവര്‍ഷം. അങ്ങിനെ ആറുപേര്‍ മന്ത്രിയാകുന്ന വിചിത്ര തീരുമാനവും ഉണ്ടായി.
സ്പീക്കറാകുന്നത് രണ്ടുതവണ ലോകസഭാംഗമായിരുന്ന എം.ബി രാജേഷാണ്. മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വിദ്യാര്‍ത്ഥി-യുവജനസംഘടനകളുടെ നേതൃനിരയില്‍ എത്തിയപ്പോള്‍ പിന്‍ഗാമിയായി രാജേഷ് ഉണ്ടായിരുന്നത്രെ. ഇപ്പോള്‍ സ്പീക്കര്‍ കസേരയിലും. ശ്രീരാമകൃഷ്ണന്റെ ഒടുവിലത്തെ അവസ്ഥയിലേക്ക് രാജേഷ് എത്താതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: