വാഷിംഗ്ടണ്‍: ഇസ്രയേല്‍-പാലസ്തീന് ഏറ്റുമുട്ടലില്‍ ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രണ്ടഭിപ്രായം. ഒരു വിഭാഗം ഇസ്രയേലിനെ പിന്തുണച്ചുകൊണ്ടുള്ള ജോ ബൈഡന്റെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗം ഇസ്രയേലിന് വേണ്ടി നിലകൊള്ളുകയാണ്.
മനുഷ്യാവകാശസംരക്ഷണത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവന്‍ ഇസ്രയേലിനെ പിന്തുയ്ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. അസോസിയേറ്റ് പ്രസും അല്‍ജസീറയും ഉള്‍പ്പെടുന്ന വിദേശമാധ്യമഓഫീസുകള് ഇസ്രയേല്‍ തകര്‍ത്തതോടെ പാര്‍ട്ടിക്കുള്ളില്‍ ബൈഡനെതിരെയുള്ള ഈ വിമര്‍ശനം കൂടുതല്‍ ശക്തമായി. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ ബൈഡന് തയ്യാറല്ല. പത്രപ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ബൈഡന് ഇസ്രയേലിനെ അറിയിച്ചെങ്കിലും പരസ്യവിമര്‍ശനത്തിന് ബൈഡന് തയ്യാറാകാത്തത് സഖ്യകക്ഷിയായ ഇസ്രയേലിന് യുഎസ് നൂറു ശതമാനം പിന്തുണ നല്‍കുമെന്ന സന്ദേശം ലോകത്തിന് നല്കാന് വേണ്ടിത്തന്നെയാണ്. വരുംനാളുകളില്‍ ചൈനയോടുള്ള എതിര്‍പ്പ് ശക്തമാകുമ്പോള്‍ ഇസ്രയേലിന്റെ ഈ പിന്തുണ യുഎസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇസ്രയേലി പൗരന്മാരെ മനപൂര്‍വ്വം ആക്രമിക്കുന്ന ഹമാസ് രീതികളെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കഴിഞ്ഞ ദിവസവും ശക്തമായി വിമര്‍ശിച്ചിരുന്നു.
വംശീയ, സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധത പറഞ്ഞാണ് ബൈഡന് അധികാരത്തില്‍ വന്നത്. യുഎസില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കുള്ള അവകാശങ്ങള്‍ക്കായി ഡെമോക്രാറ്റുകള്‍ മനുഷ്യമുന്നേറ്റം സംഘടിപ്പിക്കുമ്പോള്‍ ഇതേ സന്ദേശം വിദേശനയങ്ങളിലും പാലിക്കണമെന്നാണ് ബൈഡനോട് ഒരു വിഭാഗം ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. കിഴക്കന്‍ ജെറുസലേമില്‍ നിന്ന് പലസ്തീന് കുടുംബങ്ങളെ ഇസ്രയേല്‍ കുടിയൊഴിപ്പിക്കുന്നുണ്ടെന്നും ഇവര്‍ വിമര്‍ശിക്കുന്നു. പലസ്തീന്കാരോടുള്ള ഇസ്രയേലിന്റെ സമീപനത്തില്‍ വര്ണ്ണവിവേചനമുണ്ടെന്നും ഈ ഡെമോക്രാറ്റുകള്‍ വാദിക്കുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ ബൈഡന് തയ്യാറല്ല. കാരണം ഈ വാദങ്ങളെല്ലാം ഇസ്രയേല്‍ നിഷേധിക്കുന്നു.
സംഘര്‍ഷം കൂടുതല്‍ മനുഷ്യക്കുരുതികളിലേക്കും നാശനഷ്ടങ്ങളിലേക്കും മനുഷ്യാവകാശധ്വംസനത്തിലേക്കും നിങ്ങിയതോടെ ബൈഡന് തന്റെ ആശങ്ക തികച്ചും സ്വകാര്യമായി ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെയും പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും അറിയിച്ചിട്ടുണ്ട്. അതല്ലാതെ പരസ്യപ്രസ്താവനയ്ക്ക് ഒരുക്കമല്ല.
യുദ്ധം തുടങ്ങിയ ഉടനെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡന് പ്രസ്താവന ഇറക്കിയിരുന്നു. ഇത് ഇസ്രയേലിന് കൂടുതല്‍ തിരിച്ചടികള്‍ നടത്താന്‍ പ്രചോദനമേകിയെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. ഇതുവരെ ഗാസയില്‍ 181 പേര് കൊല്ലപ്പെട്ടതായി പറയുന്നു. ഇതില്‍ 52 പേര് കുട്ടികളും 31 പേര് സ്ത്രീകളുമാണ്. ഇതിനിടെ മുസ്ലിം പൗരാവകാശ സംഘമായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് വൈറ്റ് ഹൗസിലെ ഈദ് ആഘോഷം ബഹിഷ്കരിച്ചിരുന്നു. മുസ്ലിം ഗ്രൂപ്പുകള്‍ അധികാരത്തിലേറിയ നാളുകളില്‍ ബൈഡനെ പിന്തുണച്ചിരുന്നു. ട്രംപ് മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായിരുന്നു മുസ്ലിങ്ങളെ ബൈഡനിലേക്കടുപ്പിച്ചത്. ഇസ്രയേല്‍ കൈവശം വെച്ചിരിക്കുന്ന ജെറുസലെമില്‍ യുഎസ് സ്ഥാനപതി കാര്യാലയം തുറന്ന ട്രംപിന്റെ രീതിയും മുസ്ലിങ്ങള്‍ക്ക് ദഹിച്ചില്ല. എന്നാല്‍ അത് വ്യര്‍ത്ഥമായി എന്ന തോന്നലാണ് ബൈഡന്റെ ഇസ്രയേല്‍ പിന്തുണയോടെ മുസ്ലിങ്ങള്‍ക്ക് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: