തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്കിയ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ ബോധപൂര്‍വം വൈകിപ്പിക്കുന്നത് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമെന്ന് ബിജെപിദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 20ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം നല്‍കാനായി വൈകിപ്പിക്കുന്നത്.
62243.589 ടണ്‍ അരിയും 14156.471 ടണ്‍ ഗോതമ്പുമാണ് മെയ് മാസത്തിലേക്ക് മാത്രം കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചത്. എഫ്സിഐ ഗോഡൗണ്‍ മുഖേന അരിയും ഗോതമ്പും 80 ശതമാനവും നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. മിക്ക റേഷന്‍ കടകളിലും ഭക്ഷ്യധാന്യം എത്തിയെങ്കിലും സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നിന്നും ആധികാരികമായി ഇപോസ് മെഷീനില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ വിതരണം ചെയ്യാനുമാകുന്നില്ല. ചെറിയ പെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഉണ്ടായിട്ടും സൗജന്യ ധാന്യവിതരണം നീട്ടിവച്ച സര്‍ക്കാര്‍ നടപടി നീതീകരിക്കാനാകാത്തതാണ്. മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യം നല്‍കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണം. കേന്ദ്രം നല്കിയ ഭക്ഷ്യധാന്യം എന്തുകൊണ്ടാണ് വിതരണം ചെയ്യാന്‍ വൈകിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: