ന്യൂദല്‍ഹി: ഗ്രാമപ്രദേശങ്ങളിൽ ഓക്സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനുള്ള വിതരണ പദ്ധതി തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു ഈ നിര്‍ദേശം. പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രധാമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കണക്കുകൾ സുതാര്യമായി റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് പ്രാദേശിക കണ്ടയിന്മെന്റ് സോണുകൾ പ്രയോഗിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രം നൽകുന്ന വെന്റിലേറ്ററുകളുടെ ഇൻസ്റ്റാളേഷനും പ്രവർത്തനവും ഉടനടി ഓഡിറ്റ് നടത്തണമെന്ന് പ്രധാന മന്ത്രി നിർദേശിച്ചു. പല സംസ്ഥാനങ്ങളിലും വെന്റിലേറ്ററുകള്‍ ഉപയോഗിച്ചില്ലെന്ന പരാതിയെതുടര്ന്നാണിത്. യോഗത്തിൽ ആശ, അംഗൻവാടി വർക്കർമാരുടെ ക്ഷേമം ചർച്ച ചെയ്തു. ഗ്രാമീണ മേഖലകളിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വീടുതോറുമുള്ള പരിശോധനയിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ മേഖല ശക്തമാക്കാനും നിർദ്ദേശം നൽകി. അതേസമയം, പ്രതിദിന കേസുകൾ ഇപ്പോൾ കുറഞ്ഞുവരികയാണെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: