ലക്‌നോ: മുസ്ലിം ഭൂരിപക്ഷ മേഖലയായ മാലെര്‍കോട്‌ലയെ പുതിയൊരു ജില്ലയായി പ്രഖ്യാപിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പഞ്ചാബിന്റെ 23ാം ജില്ലയായാണ് മാലെര്‍കോട്‌ലയെ അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വിഭജനനയത്തിന്റെ പ്രതിഫലനമാണ് ഈ തീരുമാനമെന്ന് യോഗി വിമര്‍ശിച്ചു.
‘വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയ്‌ക്ക് എതിരാണ്. മാലെര്‍കോട്‌ലയുടെ രൂപീകരണം കോണ്‍ഗ്രസിന്റെ ഈ വിഭജനനയത്തിന്റെ പ്രതിഫലനമാണ്,’ യോഗി ആദിത്യനാഥ് പറഞ്ഞു.
സംഗ്രൂര്‍ ജില്ലയില്‍ നിന്ന് രൂപപ്പെടുത്തിയ പുതിയ ജില്ലയായ മാലെര്‍കോട്‌ല ഛണ്ഡീഗഡില്‍ നിന്നും 131 കിലോമീറ്റര്‍ അകലെയാണ്. ഈദുല്‍ഫിത്തര്‍ ദിനത്തിനായിരുന്നു മുസ്ലിം ഭൂരിപക്ഷമായ പുതിയ ജില്ലയുടെ പ്രഖ്യാപനം ഉണ്ടായത്. ഇവിടുത്തെ മുസ്ലിങ്ങളുടെ വളരെ നാളുകളായുള്ള ആവശ്യമായിരുന്നു മാലെര്‍കോട്‌ല ജില്ലയുടെ രൂപീകരണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറയുന്നു.
മുസ്ലിങ്ങളെ സന്തോഷിപ്പിക്കാനുള്ള ഒരു പിടി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ നവാബ് ഷേര്‍ മുഹമ്മദ് ഖാന്റെ പേരില്‍ 500 കോടി രൂപയുടെ മെഡിക്കല്‍ കോളെജ് നിര്‍മിക്കുമെന്ന് അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചു. റോഡ് വികസനത്തിനായി 25 കോടിയും പുതിയ ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് പത്ത് കോടിയും പ്രഖ്യാപിച്ചു. ഒന്നരനൂറ്റാണ്ട് പഴക്കമുള്ള മുബാറക് മന്‍സില്‍ പാലസ് നവീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരീന്ദര്‍ സിംഗ് ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന ആരോപണം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: