ശാസ്താംകോട്ട: രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനാകാതെ കുന്നത്തൂര്‍ താലൂക്ക്. രോഗം മൂര്‍ച്ഛിച്ചാല്‍ അടിയന്തിര ചികിത്സയ്ക്ക് വഴിയില്ലാതെ ഇവിടെ ആരോഗ്യമേഖല പകച്ചു നില്ക്കുമ്പോള് ജനങ്ങളും ഭീതിയിലാണ്.
ആരോഗ്യവകുപ്പിന്റെ കണക്കില്‍ 1500 പേരാണ് കൊവിഡ് വ്യാപിച്ച് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. നൂറോളം പേര് രോഗം മൂര്‍ഛിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുമാണ്. 56 പേര് ഇതിനകം കോവിഡ് വ്യാപിച്ച് മരിച്ചു. സ്ഥിതി ഗതികള്‍ ഇത്രക്ക് രൂക്ഷമായിരിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെറുവിരല്‍ അനക്കാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടില്ല.
വെന്റിലേറ്റര്‍ സൗകര്യമുള്ള 20 കിടക്ക മാത്രമാണ് ഇപ്പോഴുള്ളത്. പത്മാവതി ഹോസ്പിറ്റലില്‍ കൊവിഡ് രോഗികള്‍ക്കായി ഒരുക്കിയ ഈ 20 കിടക്കകള്‍ ഇതിനകം നിറഞ്ഞു കഴിഞ്ഞു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാകട്ടെ ഐസി യൂണിറ്റ് തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കാരണം സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാനുള്ള എംപി ഫണ്ടും താലൂക്ക് ആശുപത്രിക്ക് നഷ്ടമായി. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരണിക്കാവില്‍ ഡൊമിസിലിയറി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോവിഡ് രോഗികള്‍ക്ക് ഗുണമില്ല. ഇവിടെ കുറച്ചു കിടക്കള്‍ ഉണ്ടന്ന് അല്ലാതെ പ്രാധമിക ചികിത്സ പോലും ഇവിടെ ലഭ്യമല്ല. ശൂരനാട് വടക്ക് പഞ്ചായത്തില്‍ ഇരുനൂറോളം കോവി ഡ് രോഗികള്‍ സ്വന്തം വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടന്നാണ് ഔദ്യോഗിക കണക്ക്.
വീടുകളില്‍ കഴിയുന്ന ഏതെങ്കിലും ഒരു രോഗിക്ക് ശ്വാസതടസ്സം ഉണ്ടാകുകയോ രോഗം മൂര്‍ഛിക്കുകയോ ചെയ്താല്‍ താലൂക്കില്‍ ചികിത്സാ സംവിധാനമില്ലാത്തതിനാല്‍ നാല്‍പ്പത് കിലോമീറ്ററിലധികം ദൂരമുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളേജിലോ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലോ എത്തിക്കണം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി ഇപ്പോള്‍ ഏതാണ്ട് വിജനമാണ്. മിക്കവാര്‍ഡുകളും ഒഴിഞ്ഞുകിടക്കുകയുമാണ്. കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ കുറച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: