കൃഷ്ണ വേണുവിന്റെ രാഗപരാഗമാണ് ചതുര്ഭുജ ദാസ്. കൃഷ്ണാര്‍പ്പണ ജീവനത്തിന്റെ മഹാധ്യായങ്ങള് വിരചിച്ച വല്ലഭാചാര്യരുടെ പുഷ്ടി മാര്‍ഗ്ഗമേകിയ പുണ്യമാണ് അദ്ദേഹം. മഹാഗായകനും ആത്മീയ കവിശ്രേഷ്ഠനുമായി അടയാളപ്പെടുന്ന ചതുര്‍ഭുജദാസ് വിഷ്ണുവിഭൂതിയുടെ കാന്തിക തേജസ്സായി പരിശോഭിക്കുന്നു.
1567 ലാണ് വൃന്ദാവനത്തിലെ ജമുനാ വട ഗ്രാമത്തില്‍ ക്ഷത്രിയ കുടുംബത്തില്‍ ചതുര്‍ഭുജദാസ് ജനിക്കുന്നത്. ഗോവര്‍ധനില്‍ ശ്രീനാഥ്ജി ക്ഷേത്രത്തിലെ സോപാന ഗായകസംഘമായ അഷ്ടസഖാക്കളില്‍ പ്രമുഖനായ കുംഭന്ദാസ്ജിയായിരുന്നു പിതാവ്. ശൈശവ ബാല്യകാലങ്ങളിലെ കൃഷ്ണമയമായ ഗൃഹാന്തരീക്ഷത്തില്‍ ആണ് ചതുര്‍ഭുജദാസ് വളര്ന്നത.് സഹോദരങ്ങളായ ആറുപേരില്‍ ഇളയവനായിരുന്ന ചതുര്‍ഭുജദാസ് വളരുന്തോറും ഭക്തി ലഹരിയുടെ ആനന്ദത്തില്‍ മാത്രം മുഴുകി.സഹോദരങ്ങളാകട്ടെ ലൗകിക ജീവിതത്തിലെ സുഖഭോഗങ്ങളില്‍ ആറാടുകയായിരുന്നു. ഒടുക്കം അവര്‍ മാതാപിതാക്കളെയും കുഞ്ഞു സഹോദരനെയും ഉപേക്ഷിച്ച് അടുത്ത ഗ്രാമത്തിലേക്ക് ചേക്കേറി.
ഗൃഹസ്ഥനായിരുന്നെങ്കിലും ഉള്ളില്‍ ജ്വലിച്ചു നിന്ന യോഗേശ്വരനെ ചതുര്‍ഭുജദാസ് ഉപാസിച്ചു പോന്നു. ശ്രീനാഥ്ജിയെ സ്തുതിച്ചും സേവിച്ചും ജീവിത നിമിഷങ്ങള്‍ സമര്‍പ്പണത്തിന്റെ സായൂജ്യ വേളകളായി. മഹാഗ്രന്ഥങ്ങള് പഠിച്ചും മനനം ചെയ്തും ആത്മാവില്‍ കൃഷ്ണ ജ്ഞാനത്തിന്റെ അനന്തനീലിമയാണ് ആ ഭക്തദാസന്‍ വിടര്‍ത്തിയത്. വല്ലഭാചാര്യരുടെ പുത്രനായ ശ്രീവിഠല്നാഥില് നിന്ന് ഉപരി വിദ്യാഭ്യാസവും തുടര്‍ന്ന് സംന്യാസദീക്ഷയും ലഭിച്ച ചതുര്‍ഭുജദാസ് ഏറെത്താമസിയാതെ ശ്രീനാഥ് ജി മന്ദിരത്തിലെ സോപാനഗായക പദവിയില്‍ അവരോധിതനായി.
കൃഷ്ണാവബോധത്തിന്റെ അലൗകിക നിമിഷങ്ങളില്‍ ആ ധന്യാത്മാവില് നിന്ന് കൃഷ്ണാനുഭൂതിയുടെ ഗാനധാര പ്രവഹിക്കാന്‍ തുടങ്ങി. മധുരകണ്ഠങ്ങളില് അവ അനുഗാനമായി. ഗോവര്‍ധനത്തിലെത്തിയ ഭക്തജനങ്ങളുടെ കാതും കരളും കുളിര്പ്പിക്കുകയായിരുന്നു ആ മുരളി ഗീതങ്ങള്‍. വ്രജഭാഷയില്‍ വിരിഞ്ഞ ആ ഹരിനാമകീര്ത്തനങ്ങളിലൂടെ ജീവനമന്ദാരത്തിന്റെ ഇതള്‍ വിടര്‍ത്തിയ ചതുര്‍ഭുജദാസ് സമൂഹത്തിനേകിയത് നവ ജീവിത ദര്‍ശനമായിരുന്നു.
മധുമാലതി, ഭക്തിപ്രതാപ്, ഹിതജൂകോമംഗല്, ചതുര്വിധ ദാസ് കൃതികള്‍ തുടങ്ങിയ യോഗാത്മക സൃഷ്ടികളിലൂടെ കൃഷ്ണാനന്ദത്തിന്റെ മായിക ലോകമാണ് ചതുര്‍ഭുജദാസ് വരച്ചുവയ്ക്കുന്നത്. സ്വന്തം ജീവനകര്മ്മത്തിന്റെ പൂര്‍ണ്ണതയില്‍ 1642 ഈ യോഗി വിഷ്ണുലോകം ഗമിക്കുന്നത്.
ശ്രുതി സുഭഗമായ കൃഷ്ണഗീതി പോലെ ഭാവ രാഗ താളങ്ങളുടെ സംവിധാനഭംഗിയാണ് ജീവിതരംഗമെന്ന് ചതുര്‍ഭുജദാസ് സ്വജീവിതത്തിന്റെ മഹിത മാര്‍ഗത്തിലൂടെ തെളിയിക്കുകയായിരുന്നു. ആ വേണുഗാനത്തിന്റെ മാറ്റൊലി ഇന്നും ഗോകുലത്തിലും ഗോവര്‍ധനിലും നിപുണ ശ്രോത്രങ്ങളില്‍ അലയടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: