അഞ്ചല്‍: അഞ്ചല്‍ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് കോമളം-താന്നിമുകള്‍. അഞ്ചല്‍ പഞ്ചായത്തിലെ വടമണ്‍ വാര്‍ഡിന്റെ ഭാഗമായ ഇവിടെ വികസനം എത്തിനോക്കിയിട്ടില്ല. അഴിമതിയുടെ സ്മാരകമായി ഉയര്ന്നുനില്ക്കുന്ന ജലസംഭരണിയാണ് കോമളത്തിന്റെ രാഷ്ട്രീയ മുഖം.
കഴിഞ്ഞ പതിറ്റാണ്ടുകളായി എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചുവരുന്ന ഇവിടെ ലക്ഷങ്ങള്‍ ചെലവിട്ടാണ് രാജീവ് ഗാന്ധി സ്വജല്‍ധാരാ പദ്ധതിയില്‍പ്പെടുത്തി പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാങ്ക് പണിയുകയും പമ്പ്സെറ്റ് സ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍ ഒരുതുള്ളി കുടിവെള്ളം പോലും ഒരാള്‍ക്കും ലഭിച്ചില്ല.
പമ്പ് സെറ്റും പൈപ്പും ആവശ്യക്കാര്‍ കൊണ്ടു പോയി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥാപിച്ച ടാങ്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അടയാളമായി അവശേഷിക്കുന്നു. അടുത്തിടെ വേനല്‍ മഴ ലഭിച്ചെങ്കിലും ഇപ്പോഴും ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
വികസനത്തിന്റെ ഒരടയാളം പോലുമില്ലാതെ പിന്നാക്ക മേഖലയായ കോമളത്തെ ജനങ്ങള്‍ക്ക് വേനല്ക്കാലമാകുന്നതോടെ നേട്ടോട്ടമോടാനാണ് വിധി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണ് നടന്നത്. ബിജെപിയിലെ എന്‍. ദീപ്തിയാണ് ഇവിടെ വിജയിച്ചത്. മുഴുവന്‍ വീടുകളിലും രണ്ട് വര്‍ഷത്തിനകം കുടിവെള്ളം എത്തിക്കാനുള്ള കേന്ദ്രപദ്ധതി വാര്‍ഡില്‍ നടപ്പാക്കുമെന്ന് ദീപ്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: