ന്യൂദല്‍ഹി : കോവിഡ് രോഗികളിലെ ബ്ലാക്ക് ഫംഗസ് ബാധയ്്ക്ക് ചികിത്സ നല്‍കിയില്ലെങ്കില്‍ മരണത്തിന് വരെ കാരണമായേക്കാം. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. കോവിഡ് ബാധിച്ച പ്രമേഹ രോഗികളിലും, എറെനാള്‍ ഐസിയുവില്‍ കഴിഞ്ഞ രോഗികളിലുമാണ് മ്യൂക്കോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധ ശേഷിയേ ബാധിക്കുന്നതിനാലാണ് കോവിഡ് രോഗികളില്‍ ഈ ഫംഗസ് വ്യാപിക്കാന്‍ കാരണം. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛര്‍ദ്ദിക്കല്‍, മാനസിക അസ്ഥിരത എന്നിവയാണ് ബ്ലാക് ഫംഗസ് ബാധയുടെ പൊതു ലക്ഷണങ്ങള്‍.
പ്രമേഹ രോഗികളില്‍ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തില്‍ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചര്‍മത്തില്‍ ക്ഷതം, രക്തം കട്ടപ്പിടിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ബ്ലാ്ക്ക് ഫംഗസിനെ പ്രതിരോധിക്കുന്നതിനായി കോവിഡ് മുക്തമായവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകള്‍ കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് മാത്രം നല്‍കുക, ഓക്സിജന്‍ തെറാപ്പിയില്‍ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്സും ആന്റി ഫംഗല്‍ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രം മുന്നോട്ടുവെക്കുന്നു. പ്രമേഹം നിയന്ത്രിച്ചും പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്നുകളും സ്റ്റിറോയ്ഡുകളും കുറച്ചും ഫംഗസ് ബാധ തടയാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പുറത്തുവിട്ട നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
ബ്ലാക്ക് ഫംഗസ് ബാധിച്ച് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഏട്ട് പേര് മരിച്ചിരുന്നു. ഇത് കൂടാതെ ഗുജറാത്ത് തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: