തിരുപ്പതി: ഓക്സിജന്‍ വിതരണത്തില്‍ തടസമുണ്ടായതിനെ തുടര്‍ന്ന് 11 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഇത്തരത്തില്‍ മരണമടഞ്ഞത്.
തീര്‍ന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതില്‍ അഞ്ച് മിനിറ്റ് താമസം നേരിടുകയും ഓക്സിജന്‍ വിതരണം തടസപ്പെടുകയും ചെയ്തു. ഇതോടെ രോഗികളുടെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഓക്സിജന്‍ വിതരണത്തില്‍ തടസ്സം നേരിട്ടതിന് പിന്നാലെ 30ഓളം ഡോക്ടര്‍മാര്‍ ഐസിയുവിലെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും 11 പേരുടെ ജീവന് രക്ഷിക്കാന്‍ ആയില്ല. ഉടന്‍ തന്നെ ഓക്സിജന്‍ വിതരണം പുനസ്ഥാപിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഐസിയുവില്‍ മാത്രം 700 കൊവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ജനറല്‍ വാര്‍ഡുകളില്‍ 300 രോഗികളും ചികിത്സയിലുണ്ട്. ദുരന്തത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: