ആലപ്പുഴ: ഒട്ടേറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്ന ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട് ഇനി നിശബ്ദം. ഈ വീട് പലപ്പോഴും കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിച്ചത് ചരിത്രം . മുന്‍ മന്ത്രിമാരായ ടി. വി തോമസും, കെ. ആര് ഗൗരിയമ്മയും താമസിച്ച കളത്തിപ്പറമ്പില്‍ ആരവങ്ങള്‍ നിലച്ചു.കേരള ചരിത്രത്തില്‍ തന്നെ കയ്യൊപ്പ് ചാര്‍ത്തിയ മന്ത്രി ദമ്പതികളുടെ പ്രണയ ജീവിതത്തിന്റെ ഗന്ധം ഇപ്പോഴും ഇവിടുത്തെ കാറ്റിനുമുണ്ട. ടി വി തോമസിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞപ്പോഴും ഗൗരിയമ്മയുടെ മനസ്സിലെ ചിത്രങ്ങള്‍ പോലെ വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളം.
1949ല്‍ സര്‍ക്കാരിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റത്തിന് 30 വയസുകാരിയായ ഗൗരിയെ ജയിലിലടച്ചു. ഡെറ്റിന്യു തടവ് കാരിയായാണ് ജയിലില്‍ എത്തിയത്. ആഹാരം കൊണ്ടവന്ന തടവുകാരന് കറികളില്‍ കൈ ഇട്ട് ഇളക്കിയ ശേഷമാണ് വിതരണം ചെയ്തത്. ഇത് ഇഷ്ടപെടാതിരുന്ന ഗൗരി ആഹാരം കഴിച്ചില്ല . തൊട്ടപ്പുറത്തുള്ള പുരുഷന്മാരുടെ വാര്‍ഡില്‍ ഈ സംഭവം ചര്‍ച്ചയായി. തൊട്ടപ്പുറത്തെ മുറിയില്‍ തടവുകാരനായി ഉണ്ടായിരുന്ന ടി. വി തോമസ് ആയിരിന്നു ജയില്‍ കമ്മറ്റി കണ്‍വീനര്‍ . ഈ വിവരം നാട്ടുകാരനായ എന്‍എസ്പി പണിക്കരാണ് ഗൗരിയെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പരസ്പ്പരം കത്തുകള്‍ എഴുതുവാന്‍ ആരംഭിച്ചു , ഇതോടെ ഗൗരിക്ക് ഭക്ഷണം എത്തിച്ചത് പുരുഷന്മാരുടെ വാര്‍ഡില്‍ നിന്ന്. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഇരുവരും പുറത്തിറങ്ങി.
1951 ല്‍ ഇരുവരും വീണ്ടും ജയിലിലായി. അടുത്തടുത്ത് ആയിരിന്നു അന്നും ഇരുവരുടെയും വാര്‍ഡുകള്‍. രണ്ടര വര്‍ഷത്തിലേറെ നീണ്ട കാരാഗൃഹ വാസം. അപ്പോഴേക്കും പ്രണയം ഇരുവരുടെയും മനസ്സില്‍ പ്രണയം വളര്‍ന്നു. 1954ലെ തിരു കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കാന്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ ഇരുവരും യോഗത്തില്‍ മനസ്സ് തുറന്നു .പാര്‍ട്ടി വിവാഹത്തിന് അനുമതിയും നല്കി. ഐക്യ കേരള രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ടി. വി തോമസ് ആലപ്പുഴയില്‍ നിന്നും കെ ആര് ഗൗരിയമ്മ ചേര്‍ത്തലയില്‍ നിന്നും നിയമസഭാ അംഗങ്ങളായി. കോണ്‍ഗ്രസ്സിലെ നബീസത്ത് ബീവിയും, എ. സുബ്രമണ്യപിള്ളയും ആയിരിന്നു ഇരുവരുടെയും എതിരാളികള്‍. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ കേരളത്തിലെ ആദ്യ സിപിഐ മന്ത്രിസഭയില്‍ ഇരുവരും അംഗങ്ങളുമായി. ഏറെ നാളുകളായുള്ള ഇരുവരുടെയും പ്രണയം പൂത്ത് വിടര്‍ന്ന കാലം. 1957 മെയ് 30ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. എന്‍ ഗോവിന്ദന് നായര്‍ ഇടപെട്ടാണ് വിവാഹം നടത്തിയത്. ഗൗരിയമ്മയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍ വെച്ചായിരുന്നു വിവാഹം.
1959ല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയതോടെ ആലപ്പുഴയിലേക്ക് താമസം മാറ്റിയ ഇരുവരും ആദ്യം ആലപ്പുഴയിലെ പഴയ മെഡിക്കല്‍ കോളേജിന് സമീപവും പിന്നീട് ആറാട്ടുവഴിയിലേയും വാടക വീട്ടിലായിരുന്നു താമസം . ടി. വി തോമസിന്റെ പിതാവും ഭൂപ്രഭുമായിരുന്ന ടി. സി വര്‍ഗീസ്, ചാണ്ടി വാക്കിലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്പും വാങ്ങി . പിതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടി. വി തോമസും ഗൗരിയമ്മയും പിന്നീട്ട് താമസം അങ്ങോട്ടേക്ക് മാറ്റി. പട്ടണക്കാട്ടെ തന്റെ കുടുംബ വീടിന്റെ പേരായ കളത്തിപ്പറമ്പില്‍ എന്ന പേര് ചാത്തനാട്ടിലെ വീടിനും നല്‍കണമെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിനും ടി വി എതിരു നിന്നില്ല. കൊത്തുവാല്‍ ചാവടി പാലത്തിന് സമീപമുള്ള കുടുംബ വീടായ തൈപ്പറമ്പില്‍ നിന്നും ടി. സി വര്‍ഗീസും താമസം ചാത്തനാട്ടെ വീട്ടിലേക്ക് മാറ്റി. അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നതും ഇവിടെ വെച്ചായിരുന്നു.
1964ലെ പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ കളത്തില്‍ പറമ്പില്‍ വീട്ടിലായി. ടി. വി തോമസ് സിപിഐയില്‍ ഉറച്ചു നിന്നപ്പോള്‍ ഗൗരിയമ്മ സിപിഎമ്മിലുമായി. അന്ന് ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു ടിവി. ഇരു പാര്‍ട്ടിയില്‍ ആയിരുന്നുവെങ്കിലും മാനസികമായി അവര്‍ അകന്നില്ല . അക്കാലത്ത് ടിവി വാങ്ങി നല്കിയ കശ്മീരി സാരി ഗൗരിയമ്മ നിധി പോലെ സൂക്ഷിച്ചിരുന്നു . രാഷ്ട്രീയപരമായ എതിര്‍പ്പ് ഉണ്ടെങ്കിലും ഏറെ നാള് ഇരുവരും കളത്തിപ്പറമ്പ് വീട്ടില്‍ തുടര്‍ന്നെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായില്ല. ഇരുവരും വേര്പിരിഞ്ഞപ്പോള് പിതാവ് വാങ്ങി നല്കിയ വീട് ഗൗരിയമ്മയ്ക്ക് നല്കി ടിവി താമസം മാറ്റി. ടിവിയുടെ മരണ ശേഷവും ഗൗരിയമ്മ അവിടെ താമസം തുടര്‍ന്നു. സി പി ഐ എമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ എസ് എസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന കേന്ദ്രവും ഈ വീടായിരുന്നു . പിന്നീട് എല്ലാ വര്‍ഷവും മിഥുന മാസത്തിലെ തിരുവോണ നാളില്‍ ഗൗരിയമ്മയുടെ ജന്മദിനം വിപുലമായി ഇവിടെ ആഘോഷിച്ചിരുന്നു . കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഘോഷം ഒഴിവാക്കി . പിറന്നാള്‍ ദിനത്തില്‍ വീട്ടിലെ ഗേറ്റിന് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കാണാന്‍ തൂവെള്ള സാരിയുമുടുത്ത് പുഞ്ചിരി തൂകി ഗൗരിയമ്മ എത്തിയിരുന്നു. ജീവിതത്തില്‍ ആദ്യമായി പോസ്റ്റല്‍ വോട്ടും ചെയ്താണ് വിപ്ലവ നായിക തലസ്ഥാനത്തേക്ക് പോയത്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: