ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടിയ ഗുസ്തിതാരം സുശീല്‍കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ദല്‍ഹി പൊലീസ്. ദല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായ കൂട്ടത്തല്ലില്‍ യുവ ഗുസ്തിതാരം സാഗര്‍ ധങ്കാദ് കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയാണ് സുശീല്‍കുമാര്‍. ഇരു സംഘങ്ങള്‍ക്കുമിടയില്‍ വെടിവെപ്പ് നടന്നതായും പറയുന്നു.
സംഭവത്തില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മരണവുമായി തനിക്ക് ബന്ധമില്ലെന്നാണ് സുശീല്‍കുമാറിന്റെ വാദം. ഇതിന് ശേഷം സുശീല്‍കുമാര്‍ ഒളിവിലാണ്.
ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഗുസ്തിക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഒരു സംഘത്തിലെ വ്യക്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവ ഗുസ്തിതാരം സാഗര്‍ ധങ്കാദ് മരിച്ചു.
പൊലീസ് അന്വേഷണത്തില്‍ ഹരിയാനയിലെ ജജ്ജാറില്‍ നിന്നുള്ള 24കാരനായ പ്രിന്‍സ് ദലാലിനെ ഇരട്ടബാരല്‍ തോക്കുമായി പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ സോണു മഹാല്‍ കാല ജതേദി എന്ന ഗുണ്ടാനേതാവിന്റെ അടുത്ത അനുയായിയാണ്. ഇതില്‍ സുശീല്‍കുമാറിന്റെ പങ്കാണ് അന്വേഷിക്കുന്നതെന്ന് അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: