തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് പാസിന് അപേക്ഷിക്കുന്നത് നിസാര കാര്യങ്ങള്‍ക്കായി. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പോയൊന്ന് കറങ്ങിവരാം എന്ന് വിചാരിച്ചവരും പോലീസ് ചെക്കിങ് എങ്ങനെയുണ്ടെന്ന് അറിയാനും അത് ഫേസ്ബുക്കില്‍ ലൈവിടാനും വേണ്ടി പാസിന് അപേക്ഷിച്ചവര്‍ വരെയുണ്ട്. ഇതോടെ യാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് പാസിനുള്ള അപേക്ഷകള്‍ നിരസിക്കുകയാണ് പോലീസ്.
ഒരു ലക്ഷത്തിലധികം പേരാണ് ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇന്നലെ വരെ pass.bsafe.kerala.gov.in എന്ന പോലീസ് വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കിയത്. കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ നിസാര കാരണങ്ങളാണ് അധികവും. തിരുവനന്തപുരത്ത് നിന്നും കൊല്ലം വരെ പോകാനാണ് ഒരു സംഘം പാസിന് അപേക്ഷിച്ചത്. ഒന്നുകറങ്ങി തിരികെ വരാമെന്നത് മാത്രമാണ് ലക്ഷ്യം. ചിലര്‍ക്ക് പാസും യാത്രയും പോലീസ് പരിശോധനയും സമൂഹമാധ്യമങ്ങളിലൂടെ ലൈവിടാന്‍ വേണ്ടിയും. അപേക്ഷകള്‍ കുന്നുകൂടിയതോടെ കൂട്ടത്തോടെ നിരസിക്കുകയെ നിര്‍വാഹമുള്ളൂ യെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പകുതിയിലധികം അപേക്ഷ തള്ളി. അങ്ങനെ വന്നാല്‍ യഥാര്‍ത്ഥ ആവശ്യക്കാരന് പാസ് ലഭിക്കാതെ വരും. ഇപ്പോള്‍ ആവശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്യാവശ്യം എന്ന് ഉറപ്പുള്ളത് മാത്രമാണ് അനുവദിക്കുന്നത്. അപേക്ഷകളുടെ എണ്ണം കുന്നുകൂടിയാല്‍ യഥാര്‍ത്ഥ അത്യാവശ്യക്കാരന് സമയത്ത് പാസ് നല്കാനാകാതെ വരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ.
പാസിനുള്ള അപേക്ഷ ഇങ്ങനെ
pass.bsafe.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കണം. ഈ വിവരങ്ങള്‍ പോലീസ് കണ്ട്രോള് സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കും.
അപേക്ഷിച്ച ശേഷം പാസിന്റെ നിലവിലെ അവസ്ഥ അറിയാനും ഇതേ വെബ്സൈറ്റില്‍ സംവിധാനമുണ്ട്. ഇതിനായുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറും ജനനത്തീയതിയും നല്കിയാല് മതിയാകും. പാസ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൊബൈല്‍ ഫോണില്‍ പരിശോധകരെ കാണിക്കാം.
പ്രിന്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയില് പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധനയ്ക്കായി ലഭ്യമാക്കണം.
വാക്സിനേഷന് സത്യവാങ്മൂലം മതി
വാക്സിനേഷന് എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുള്ള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയാറാക്കിയ സത്യവാങ്മൂലം കൈയില്‍ കരുതിയാല്‍ മതി. ഇതിന്റെ മാതൃകയും ഇതേ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിക്കുകയോ അതേ മാതൃകയില്‍ വെള്ളക്കടലാസില്‍ തയാറാക്കുകയോ ചെയ്യാം.
ഇന്ന് മുതല്‍ പരിശോധന കര്‍ശനം
ഇന്ന് മുതല്‍ പാസോ സത്യവാങ്മൂലമോ ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാഹനങ്ങളും പിടിച്ചെടുക്കും. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള പാസ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്കി. 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: