അമ്പലപ്പുഴ: പലചരക്ക് സാധനങ്ങള് വാങ്ങാന് പോയ വൃക്കരോഗിയായ ഗൃഹനാഥനെ പോലീസ് മര്ദ്ദിച്ചതായി പരാതി. പുറക്കാട് പഞ്ചായത്ത് ഏഴാം വാര്ഡ് ബണ്ടുചിറ വീട്ടില് ബിനു (48)വിനാണ് മര്ദ്ദനമേറ്റത്. ലാത്തികൊണ്ടുള്ള അടിയില് കൈകാലുകള്ക്കും വയറിനും നടുവിനും മുറിവേറ്റ ബിനു അമ്പലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില് ചികിത്സ തേടി.
ഞായറാഴ്ച രാവിലെ ഏഴോടെ തോട്ടപ്പള്ളി സ്പില്വേക്കു സമീപത്തായിരുന്നു സംഭവം. ഉള്നാടന് മത്സ്യതൊഴിലാളിയായ ബിനു പുലര്ച്ചെ ജോലി കഴിഞ്ഞ് കിട്ടിയ മത്സ്യം സമീപത്തെ ലേല ചന്തയിലെത്തി വിറ്റു. പിന്നീട് വീട്ടിലേക്ക് ആവശ്യമായ അരിയും മറ്റു സാധനങ്ങളും സ്ഥിരമായി വാങ്ങുന്ന കടയിലെത്തിയെങ്കിലും തുറന്നിരുന്നില്ല. കട ഉടമയെ ഫോണില് ബന്ധപ്പെട്ടപ്പോള് ഉടന് എത്തുമെന്നറിയിച്ചതിനെ തുടര്ന്ന് കാത്തുനില്ക്കുമ്പോഴാണ് അമ്പലപ്പുഴ പോലീസ് ജീപ്പില് സ്ഥലത്തെത്തിയത്.
ലാത്തിയുമായി ചാടിയിറങ്ങിയ എസ് ഐ ഹാഷിം ക്രൂരമായി അടിക്കുകയായിരുന്നു എന്ന് ബിനു പറഞ്ഞു. കടുത്ത പ്രമേഹരോഗി കൂടിയായ ബിനുവിന് ദേഹത്ത് മുറിവുണ്ടായാല് പഴുത്ത് വൃണമാകാറുണ്ട്. മുറിവ് റിവുണ്ടായതിനെ തുടര്ന്ന് ഇടതു കൈവിരലുകളിലൊന്ന് നേരത്തെ മുറിച്ചു മാറ്റിയിരുന്നു. ഇപ്പോള് ലാത്തി അടിയേറ്റ് ഉണ്ടായ മുറിവുകള് പഴുക്കുമെന്നുള്ള ഭയമാണുള്ളതെന്ന് ബന്ധുക്കള് പറഞ്ഞു. എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയെന്നും, മുഖ്യമന്ത്രി, ഡിജിപി എന്നിവര്ക്ക് പരാതി നല്കുമെന്നും ബിനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: