അടുത്ത 9 ശ്ലോകങ്ങളിലായി ഏകത്വത്തെ വിവരിക്കുകയും നാനത്വത്തെ തള്ളിക്കളയുകയുമാണ്.
ശ്ലോകം 330
ജീവതോ യസ്യ കൈവല്യം
വിദേഹേ ച സ കേവലഃ
യത് കിഞ്ചിത് പശ്യതോ ഭേദം
ഭയം ബ്രൂതേ യജുഃ ശ്രുതിഃ
ജീവിച്ചിരിക്കുമ്പോള്‍തന്നെ ഏകത്വാനുഭൂതിയായ കേവലാവസ്ഥയെ നേടുന്നവരാണ് മരണശേഷവും യഥാര്‍ത്ഥത്തില്‍ കൈവല്യത്തിലെത്തുന്നത് അല്പമെങ്കിലും ഭേദം ഉള്ളവര്‍ക്ക് ഭയമുണ്ടാകുമെന്ന് യജുര്‍വേദം പറയുന്നു. ഭേദം കാണുന്നയാള്‍ക്ക് ഭയമുണ്ടാകുമെന്ന് യജുര്‍വേദത്തിലെ തൈത്തിരീയ ഉപനിഷത്തില്‍ പറയുന്നു.
യദാ ഹ്യേവൈഷഏതസ്മിന്നു ദരമന്തരം കുരുതേ അഥ തസ്യ ഭയം ഭവതി. സ്വല്പമെങ്കിലും ഭേദം കാണുന്നവന് ഭയമുണ്ടാകും. ഒട്ടും ഭേദമില്ലാത്ത കേവലാവസ്ഥയെ ഇവിടെ വെച്ച് അനുഭവിക്കുന്ന ജീവന് മുക്തന് ദേഹ പതനത്തിനു ശേഷം കൈവല്യം നേടും പിന്നെ പുനര്‍ജന്മമില്ല.
ദേഹത്തോടു കൂടി, ജീവിച്ചിരിക്കെ തന്നെ ഏകത്വത്തെ അനുഭവിക്കുന്ന മഹാത്മാവ് ദേഹം പതിക്കുമ്പോള്‍ ഏകത്വത്തില്‍ ലയിക്കും. ഏകം തന്നെയായി ഭവിക്കും. മഹാത്മാവ് നമ്മോടൊപ്പം ജീവിക്കുന്നയാളാണെകിലും ഒന്നിനാലും ബാധിക്കപ്പെടാത്തയാളാണ്.
ജീവന് മുക്തന് നാനാത്വത്തില്‍ വ്യഹരിച്ചിരുന്നാലും അദ്ദേഹത്തിന് ആത്മാനുഭൂതിയില്‍ തടസ്സം വരുന്നില്ല. ദേഹം വെടിഞ്ഞ ശേഷം മഹാത്മാവ് ബ്രഹ്മം തന്നെയായിത്തീരുന്നു. ബ്രഹ്മത്തെ അനുഭവിക്കുന്നു എന്നതിനേക്കാള്‍ ബ്രഹ്മം തന്നെയായിത്തീരുന്നു. ദേഹത്തിലിരിക്കെ ഏകത്വം അനുഭവിക്കുന്നു. ദേഹം പതിക്കുമ്പോള്‍ ഏകമായ ബ്രഹ്മം തന്നെയാകുന്നു.
ഏകത്വ ദര്‍ശനമാണ് സത്യം. പലതും കാണുന്ന നാനാത്വദര്‍ശനം ഭയമുളവാക്കുന്നതാണ്. തന്നില്‍ നിന്ന് അന്യമായി ആരെങ്കിലും എന്തെങ്കിലും കാണുന്നുവെങ്കില്‍ ഭയത്തിന് കാരണമാകും. നാം എന്തിന് നമ്മെ തന്നെ ഭയക്കണം, പക്ഷേ എന്നില്‍ നിന്ന് അന്യമായ എന്തെങ്കിലുണ്ടെന്ന ചെറിയ തോന്നല്‍ തന്നെ വലിയ ഭയത്തെ ഉണ്ടാക്കും.പ്രത്യേകിച്ചും ഇരുട്ടത്തും ഏകാന്തതയിലും. നിഴലുപോലും പേടിപ്പിക്കും.
എന്നില്‍ നിന്നും അന്യമല്ല മറ്റൊന്നും എന്ന് ബോധ്യം വന്നാല്‍ പിന്നെ ഭയമുണ്ടോ?
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നാല്‍ അവയെല്ലാം ഞാന്‍ തന്നെയായതിനാല്‍ എനിക്ക് ഭയമില്ല.
പേടി മാറാനാണ് നാം കൂട്ടുകൂടുന്നതത്രേ. ധനം, പദവി, വീട്, ബന്ധുക്കള്‍, ആള്‍ബലം എന്നിവയൊക്കെ ഉള്‍ഭയത്തെ നീക്കാന്‍ പുറത്ത് കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളാണ്.
ഭേദഭാവന ഉള്ള കാലത്തോളം ആത്മാവില്‍ നിന്ന് അന്യമായുള്ളവയുടെ പ്രതീതി ഉള്ള കാലത്തോളം ഭയമുണ്ടാകുക തന്നെ ചെയ്യും. അതിനാല്‍ ഭേദഭാവന നീങ്ങണം എല്ലാം ഞാനെന്ന് ഉറയ്ക്കണം അനുഭവമാകണം. ആ പരമാത്മസ്വരൂപമായി മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: