എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്
രാജസേനന്
നിരപരാധികളായ പെണ്‍കുട്ടികളെയടക്കം ബലാത്സംഗം ചെയ്യുന്ന ക്രൂരതയാണ് ബംഗാളില്‍ അരങ്ങേറുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനെ ആക്രമിച്ചിരിക്കുന്നു. പോലീസ് അകമ്പടിയോടെ യാത്രചെയ്യുന്ന കേന്ദ്ര മന്ത്രിമാരെ വരെ അക്രമിക്കാന്‍ ധൈര്യം കാണിക്കുന്നവരെ വളര്‍ത്തിയെടുക്കുന്ന സംസ്ഥാനമായി ബംഗാള്‍ മാറിയിരിക്കുന്നു. സിപിഎം ക്രൂരതയില്‍ നിന്ന് ടിഎംസിയിലേക്ക് എത്തിയപ്പോള്‍ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ചാടിയതുപോലെയായിരിക്കുന്നു. ബിജെപി മൂന്ന് സീറ്റില്‍ നിന്ന് 75 എം എല്‍എ മാരെ നേടിയതും നന്ദിഗ്രാമില്‍ പരാജയപ്പെടുന്നതും മമതാബനര്ജിയ്ക്ക് സഹിക്കാവുന്നതല്ല. ജീവനു വേണ്ടി പലായനം ചെയ്യുന്ന നാട്ടുകാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.
അക്രമരാഷ്ട്രീയത്തിന് പിന്നില്‍
എ.പി. അഹമ്മദ്
ജനാധിപത്യത്തില്‍ വിജയിക്കുന്ന ഓരോരുത്തരും കരുതേണ്ടത് തൊട്ടടുത്ത നിമിഷത്തില്‍ പരാജയം ഉണ്ടാവുമെന്നാണ്. ജയിക്കുന്നതിന്റെ അഹങ്കാരത്തിന്റെ പുറത്ത് ജനങ്ങള്‍ക്കു മേല്‍ കുതിരകയറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ബംഗാളിലെ തൃണമൂലിന്റെ രാഷ്ട്രീയ അടിത്തറ ഇന്നലെ വരെ സിപിഎമ്മില്‍ ഉണ്ടായിരുന്ന അണികളാണ്. അവരില്‍ ഉണ്ടായിരുന്ന അക്രമ രാഷ്ട്രീയത്തിന് കാരണം സിപിഎം തന്നെയാണ്. കേരളത്തില്‍ അക്രമരാഷ്ട്രീയം വളര്‍ത്തുന്നത് ആരാണെന്ന് പറയേണ്ടതില്ലല്ലോ. ബംഗാള്‍ അക്രമം പൊടുന്നനെ ഉണ്ടായതാവാനിടയില്ല. സമാധാനത്തിനും ജനാധിപത്യത്തിനും സാഹോദര്യത്തിനും ഒക്കെ പകരം ചോരയുടെയും അക്രമത്തിന്റെയും ആയുധങ്ങളുടെയും ഒരു രാഷ്ട്രീയം അവരുടെ സിരകളിലുണ്ടാകാം. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇന്നലെ ഭരിച്ചവര്‍ക്കും വിട്ടുനില്ക്കാനാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന്റെ ഒരു സ്വയം മറന്ന ആഹ്ലാദമാകാം ഇതിനു പിന്നില്‍. അതേസമയം തോല്‍വി സഹിക്കാനാവാത്ത ബിജെപിയുടെ സമീപനവും കാരണമാകാം.
അറിയാനുള്ള അവകാശം
നന്ദു
കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് ഞാന്‍ മാധ്യമ ധര്‍മ്മം പ്രതീക്ഷിക്കുന്നു. അത് എത്രപേര്‍ പുലര്‍ത്തുന്നുവെന്ന് സ്വയം വിലയിരുത്തുക. കുറച്ചുനാള്‍ ജേര്‍ണലിസം പഠിച്ചിട്ടുള്ളയാളാണ് ഞാനും. ബംഗാളില്‍ നടക്കുന്ന നരഹത്യകള്‍ കേരളം അറിയരുതെന്ന് വാശി പിടിക്കുന്നത് എന്തിനാണ്. അത് പത്രധര്‍മ്മമാണോ..? ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന ബംഗാള്‍ ആക്രമണം അറിയുവാനുള്ള ആകാംക്ഷ കേരളത്തിലെ വായനക്കാര്ക്കുണ്ട്.
ആരെ തൃപ്തിപ്പെടുത്താന്‍
എം.ആര്. ഗോപകുമാര്‍
പശ്ചിമ ബംഗാളില്‍ മമതയ്ക്കൊപ്പം ചേര്‍ന്ന പഴയ മാര്‍ക്സിസ്റ്റുകാരാണ് ഇന്നവിടുത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍. അത് സിപിഎമ്മിന്റെ കാലങ്ങളായുള്ള രീതിയാണ്. പക്ഷേ, കേരളത്തിലെ മാധ്യമങ്ങള്‍ ഈ പൈശാചിക സംഭവങ്ങള്‍ മറയ്ക്കുന്നത് ആരെ തൃപ്തിപ്പെടുത്താനെന്ന് മനസിലാവുന്നില്ല. ലോകത്ത് എവിടെ നടക്കുന്ന സംഭവങ്ങളും നിഷ്പക്ഷതയോടെ ജനങ്ങളിലെത്തിക്കാന്‍ ബാധ്യസ്ഥരാണ് മാധ്യമങ്ങള്‍. നക്കാപ്പിച്ചയ്ക്ക് ആരുടേയും പക്ഷം ചേരുന്നതാവരുത് പത്രധര്‍മ്മം.
വംഗനാടിനെ അശാന്തിനികേതനമാക്കരുത്
ശ്രീജിത്ത് മൂത്തേടത്ത്
മാനവികതയുടെ വെളിച്ചം തെളിയിച്ച മഹാത്മാക്കളുടെ മണ്ണാണ് ബംഗാള്‍. ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും രാജാറാം മോഹന്റോയിയും അരവിന്ദ മഹര്‍ഷിയും രവീന്ദ്രനാഥ ടാഗോറും ദേശീയതയുടെ ആത്മസത്ത വിളയിച്ചെടുത്ത മണ്ണില്‍ ഇന്ന് ദേശീയവാദികള്‍ കൂട്ടക്കുരുതിക്ക് വിധേയമാവുകയാണ്. മാനവികതയോട് മമതയില്ലാത്ത ഭരണകൂടത്തിന്റെ തണലില്‍ മതവാദികളെ കൂട്ടുപിടിച്ച് മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയാണ്. ഭാരതത്തിന്റെ മോചനത്തിനായി കാഹളമുയര്‍ത്തി അഹോരാത്രം യത്നിച്ച ബംഗാളിനെ ഗ്രസിച്ചിരിക്കുന്ന ആപത്തില്‍ അവരോടൊപ്പം നില്‍ക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. വിശ്വശാന്തിക്കായി ശാന്തിനികേതന്‍ സ്ഥാപിച്ച വിശ്വമഹാകവിയുടെ നാടിനെ അശാന്തിയുടെ ഭൂമിയാകാന്‍ അനുവദിച്ചുകൂടാ.
പൊറുക്കുവാനാവാത്തത്
മാങ്കുളം ജി.കെ. നമ്പൂതിരി
വംഗദേശത്ത് ഇപ്പോള്‍ നടമാടുന്ന അമംഗളാനുഭവങ്ങള് ജനാധിപത്യത്തെയും മത സാഹോദര്യത്തെയും ബലാല്ക്കാരം ചെയ്യുന്നതാണ്. ഈ നൃശംസതയോട് പൊറുക്കുവാന്‍ മനുഷ്യത്വമുള്ളവര്ക്കാവില്ല. മതേതരത്വം എന്നാല്‍ ‘തരംപോലെ മതം’ എന്നതായിരിക്കുന്നു ചിലരുടെ നയം. പാകിസ്ഥാന് പട്ടാളത്തിന്റെ സഹായത്തോടെ കാശ്മീരിലെ മതവെറിയന്മാര് നടത്തിയ അക്രമങ്ങളെ പരാജയപ്പെടുത്തിയ നമുക്ക് ബംഗാളിനെയും നേര്വഴിക്കാക്കാമെന്നതില് സംശയം വേണ്ട. ‘വല്ലായ്മ ദേവകള്‍ പെടുത്തുവതും സഹിപ്പൊന്നല്ലായിരുന്നു ഹ ഹ ഭാരത പൂര്‍വ്വ രക്തം ‘ എന്ന കവി വചനം നമുക്ക് ഊര്‍ജ്ജം പകരട്ടെ.
അറിയാനുള്ള അവകാശം
കൊല്ലം തുളസി
ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് കേരളത്തിലെ മാധ്യമങ്ങള്‍ നിഷേധിക്കുന്നത്. പശ്ചിമ ബംഗാളിലെ മൃഗീയ ആക്രമണങ്ങള്‍ പു
റത്തറിയരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നത് ശരിയല്ല. കേരളത്തിലെ പ്രബുദ്ധ മാധ്യമങ്ങള്‍ മൂടുപടം അഴിച്ചു മാറ്റി സത്യത്തിലൂടെ, പത്രധര്മ്മത്തിലൂടെ സഞ്ചരിക്കണം. സ്വതന്ത്ര ചിന്താഗതിയുള്ള എന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നത് അതാണ്.
ഇനി ഒരക്ഷരം മിണ്ടിപ്പോവരുത്!
ഡോ. ആര്. അശ്വതി
ഓരോ ഭാരതീയനും ബംഗാള്‍ ഉദാത്തമായ ദേശീയതയുടെ ഉറവിടമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ അത്ര ശുഭകരമല്ല. മമതയെ നമ്മളറിയും. ഹിന്ദു വംശീയഹത്യയും കൂട്ട പലായനവും ബലാത്സംഗങ്ങളും ഭീകരാക്രമണങ്ങളും കൊടിയടയാളമാക്കിയ ബംഗാളിലെ ഭരണാധികാരി.. ജനാ സരസ്വതിയെ നിങ്ങളറിയുമോ? ഇല്ല കാരണം മാധ്യമ സംസ്കാരത്തിന്റെ, ജനാധിപത്യ വിശ്വാസത്തിന്റെ, സ്ത്രീവാദ പ്രത്യയശാസ്ത്രത്തിന്റെ, പ്രായോഗിക അവസരവാദ തന്ത്രങ്ങള്‍ ധാര്‍മ്മികതയുടെ അര്‍ത്ഥതലങ്ങളെ ഭയത്തിന്റെ സിംഹാസനങ്ങളില്‍ അടിയറവു വച്ചിരിക്കുന്നു.. അതുകൊണ്ട് സഹജീവി സമസ്നേഹത്തിന്റെ അഭയസങ്കല്പങ്ങളില് മമത്വം നശിച്ച ഒരു മനുഷ്യ വര്‍ഗ്ഗവും പ്രത്യയ ശാസ്ത്ര പ്രവാചകരും പെണ്ണിനോ മണ്ണിനോ സ്വാതന്ത്ര്യങ്ങള്‍ക്കോ തുല്യനീതിക്കോ വേണ്ടി ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്. നെറികെട്ട നാവുകളില്‍ സരസ്വതി ജ്വലിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: