കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഒരു സ്കൂളിന് പുറത്ത് നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. അഫ്ഗാന് സര്‍ക്കാര്‍ വക്താവ് താരിഖ് ഏരിയന്‍ 100 പേര്‍ക്ക് പരിക്കേറ്റതായി അറിയിച്ചു.
ദഷ്ട്-ഇ-ബര്ച്ചിയ്ക്കടുത്തുള്ള സയ്യദ് അല്‍ ഷുഹാദ എന്ന പെണ്‍കുട്ടികളുടെ ഹൈസ്കൂളിന് പുറത്താണ് സ്ഫോടനം നടന്നതെന്ന് അഫ്ഗാനിസ്ഥാന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തുടരെത്തുടരെ മൂന്ന് സ്ഫോടനങ്ങള്‍ നടന്നു. ആദ്യം കാര്‍ബോംബും പിന്നീട് സ്ഫോടവസ്തുക്കള്‍ രണ്ട് തവണയും പൊട്ടിത്തെറിച്ചു. ആരും ഇതുവരെയും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. താലിബാന് വക്താവ് സബിയുള്ള മൊജാഹിദ് തന്റെ സംഘടനയ്ക്ക് സ്ഫോടനവുമായി ബന്ധമില്ലെന്ന് അറിയിച്ചു.
വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാനില്‍ യുഎസ് പട്ടാളക്കാരെ പിന്‍വലിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തീവ്രവാദസംഘങ്ങള്‍ അവരുടെ ആധിപത്യം ആഘോഷിക്കുന്നതിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് കരുതുന്നു. ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങളിലേക്ക് നഗരം ചുവടുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം. മെയ് ഒന്ന് മുതല്‍ യുഎസ് സേന പിന്മാറ്റം തുടങ്ങി. ഇതോടെ താലിബാന് കരുത്താര്‍ജ്ജിക്കുന്നത് സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമായും ഇല്ലാതാകുന്നതിലേക്ക് നയിക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: