ചൈന്നൈ: ഇരുപത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിജെപി വീണ്ടും തമിഴ്‌നാട് നിയമസഭയില്‍ എത്തുകയാണ്. നാല് ബിജെപി എംഎല്‍എമാരാണ് പ്രതിപക്ഷ ബെഞ്ചില്‍ എഐഎഡിഎംകെ എംഎല്‍എമാരോടൊപ്പം ഇരിക്കുക.
20 വര്‍ഷം മുമ്പ് 2001ലാണ് ബിജെപി തമിഴ്‌നാട് നിയമസഭയിലേക്ക് ഇതിന് മുമ്പ് വിജയിച്ചത്. അന്ന് ഡിഎംകെയുമായി സഖ്യത്തിലായിരുന്നു ബിജെപി. ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തോറ്റു. 21 ഇടങ്ങളില്‍ മത്സരിച്ച ബിജെപി പക്ഷെ നാലിടത്ത് വിജയിച്ചു. പിന്നീട് 2006, 2011, 2016 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് ഒരു സീറ്റുപോലും വിജയിക്കാനായില്ല. 1996ലാണ് ആദ്യമായി കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് വിജയിച്ച് സി. വേലായുധന്‍ തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി എത്തുന്നത്.
2021ല്‍ എ ഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായി ബിജെപി 20 നിയമസഭാമണ്ഡലങ്ങളില്‍ മത്സരിച്ചു. ഇക്കുറി നാഗര്‍കോവില്‍, കോയമ്പത്തൂര്‍ (സൗത്ത്), മൊഡക്കുറിച്ചി, തിരുനെല്‍വേലി മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചത്. ബിജെപി നേതാവ് എംആര്‍ ഗാന്ധി, ബിജെപി ദേശീയ വനിതാവിംഗ് പ്രസിഡന്റ് വനതി ശ്രീനിവാസന്‍, മുന്‍മന്ത്രി നയിനാര്‍ നാഗേന്ദ്രന്‍, സി.കെ. സരസ്വതി എന്നിവരാണ് ബിജെപി എംഎല്‍എമാര്‍.
നാഗര്‍കോവിലില്‍ എംആര്‍ ഗാന്ധി ഡിഎംകെ എംഎല്‍എ സുരേഷ് രാജനെ തോല്‍പിച്ചു. 11,669 വോട്ടുകള്‍ക്കാണ് എംആര്‍ ഗാന്ധി വിജയിച്ചത്. 1980,1984, 1989, 2006, 2011, 2016 എന്നീ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും തോറ്റുപോയ എംആര്‍ ഗാന്ധിയുടെ കന്നിവജയം കൂടിയാണിത്.
വനതി ശ്രീനിവാസര്‍ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെയാണ് തോല്‍പിച്ചത്. ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ പോരാട്ടമായിരുന്നു. ഒടുവില്‍ 1728 വോട്ടുകള്‍ക്ക് വനതി ജയിച്ചു.
മൊഡക്കുറിച്ചിയില്‍ സി.കെ. സരസ്വതി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായി സുബ്ബുലക്ഷ്മി ജഗദീശനെയാണ് തോല്‍പിച്ചത്. ഇവടെ വെറും 281 വോട്ടുകള്‍ക്കായിരുന്നു സി.കെ. സരസ്വതിയുടെ വിജയം.
തിരുനെല്‍വേലിയില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് നയ്‌നാര്‍ നാഗേന്ദ്രന്‍ 23,107 വോട്ടുകള്‍ക്കാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.
അതേ സമയം ബിജെപിയുടെ ജനപ്രിയനേതാക്കള്‍ തോറ്റത് തിരിച്ചടിയായി. ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകന്‍ ധാരാപുരത്ത് നിന്നും 2,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നടി ഖുശ്ബു തൗസന്റ് ലൈറ്റ്‌സില്‍ ഡിഎംകെയുടെ ഏഴിലനോട് 32,462 വോട്ടുകള്‍ക്ക് തോറ്റു. സീനിയര്‍ നേതാവ് എച്ച്. രാജയും തോറ്റു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ. അണ്ണാമലൈയും അരവാകുറിച്ചിയില്‍ തോറ്റു.
എന്തായാലും 2016ല്‍ പൂജ്യമായ ഇടത്തില്‍ നിന്നും നാലിലേക്ക് ബിജെപിയുടെ സാന്നിധ്യം തമിഴ്‌നാട് നിയമസഭയില്‍ ഉയര്‍ന്നിരിക്കുന്നു. ഇതിന് ഒരു പ്രധാനകാരണം ദളിത് നേതാവ് കൂടിയായ എല്‍. നടരാജനിലേക്ക് ബിജെപിയുടെ നേതൃത്വം എത്തിയതാണെന്ന് പറയുന്നു. ഡിഎംകെയും എ ഐഎഡിഎംകെയും ദളിതരെ മറക്കുമ്പോള്‍ ബിജെപി ദളിത് കാര്‍ഡിലൂടെ തമിഴ്‌നാട്ടില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ദളിത് സാന്നിധ്യം വഴി ദ്രാവിഡക്കോട്ടയില്‍ ഭാവിയില്‍ ചലനമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ദളിതരെ തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പിച്ച ബിജെപി നീക്കം വലിയ ചലനമാണ് ദളിതര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഡിഎംകെ ഇതുപോലെ ഒരു മാറ്റത്തിന് തയ്യാറാകുമോ എന്ന് ദളിതര്‍ ചോദിക്കുന്നു. തമിഴ്‌നാട്ടില്‍ ഒരു ദളിതന് ഏതെങ്കിലും പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ എത്തിപ്പെടുക പ്രയാസമാണ്. അതിന് അപവാദമായിട്ടുള്ളത് സിപി ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന ഡി. രാജ മാത്രമാണ്. ദളിതരെ നേതൃപദവിയില്‍ കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു. ദളിത് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്നതോടൊപ്പം ഡിഎംകെ വിരുദ്ധവികാരം വളര്‍ത്താമെന്നും കരുതുന്നു. ഇത് വഴി ദ്രാവിഡ രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാമെന്നും കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: