സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടി ചാപ്പങ്ങല് ജലീലിന്റെ മകന് ഫെബിന് ഫിറോസ്(14) ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
നേരത്തെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്ന് താമസിക്കുന്ന മുരുകന്റെ മകന് മുരളി(16), പാലക്കാട് സ്വദേശി അജ്മല്‍(14) എന്നിവര്‍ മരിച്ചിരുന്നു. എപ്രില്‍ 22 വ്യഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. സുല്‍ത്താബത്തേരി കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ കുട്ടികള്‍ കളിക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുയായിരുന്നു.
സ്ഫോടനത്തില്‍ ഷെഡ്ഡിലെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടികളെ ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ വച്ചാണ് മൂന്ന് പേരും മരണപ്പെട്ടത്. സുല്‍ത്താന്‍ബത്തേരി പോലീസ് സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: