തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടാം സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ പഞ്ചായത്തുകളിലും വോട്ട് പങ്ക് കൂടുതലാക്കി മികച്ച പോരാട്ടം കാഴ്ചവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ്.
മണ്ഡലത്തെ പ്രൊഫഷണലായി പഠിച്ചശേഷമായിരുന്നു ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കാന്‍ താല്പര്യം കാട്ടിയത്.ഇരിങ്ങാലക്കുടയിലെ ക്രൈസ്തവ വോട്ടുകളും പാര്‍ട്ടി വോട്ടുകളും ചേര്‍ത്തുള്ള ഒരു മിശ്രിതമായിരുന്നു ജേക്കബ് തോമസ് ഉന്നം വെച്ചത്.
ഇരിങ്ങാലക്കുടക്കാര്‍ക്ക് പൂര്‍ണ്ണമായും പരിചിതമല്ലാത്ത മുഖമാണെങ്കിലും, ഈ മുന്‍ ഐപിഎസുകാരന് പക്ഷെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബിജെപിയുടെ മുഖം രക്ഷിച്ചു. തൃശൂര്‍ ജില്ലയില്‍ ബിജെപിയ്ക്ക് കാര്യമായ വോട്ടുനേട്ടമുണ്ടാക്കിയ മൂന്ന് മണ്ഡലങ്ങളിലൊന്നായി ഇരിങ്ങാലക്കുടയെ മാറ്റിയെടുക്കാന്‍ ജേക്കബ് തോമസ് എന്ന അരക്കൊല്ലത്തില്‍ താഴെ പാര്‍ട്ടിബന്ധമുള്ള വ്യക്തിക്ക് കഴിഞ്ഞു. എങ്കിലും പാര്‍ട്ടിയുടെ പ്രതീക്ഷയായ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല എന്ന പരാതി നേതാക്കളിലുണ്ട്.
ഒരു പ്രൊഫഷണല്‍ ടീം അദൃശ്യമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടാണ് ജേക്കബ് തോമസിനെ മൂന്നോട്ട് നയിച്ചത്. പടിയൂര്‍ പഞ്ചായത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. മറ്റ് എല്ലാ പഞ്ചായത്തുകളിലും-ഇരിഞ്ഞാലക്കുട, കാറളം, കാട്ടൂര്‍, മുരിയാട്, പൂമംഗലം, വെള്ളൂക്കര, ആളൂര്‍ പഞ്ചായത്തുകളില്‍- 2016നേക്കാള്‍ കൂടുതല്‍ വോട്ടും നേടി.
തീ പാറുന്നതായിരുന്നു ഇവിടുത്തെ ത്രികോണമത്സരം. വ്യക്തികളെ പരമാവധി കാണുക എന്ന ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചത്. ഒരു മുന്ഐപിഎസുകാരന് ഇങ്ങിനെ ഒരു ശൈലി സ്വീകരിക്കുമെന്ന് എതിരാളികള്‍ കൂടി കരുതിയില്ല. കോളനികളേക്ക് കടന്നുചെന്നുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചുള്ള മറുപടിയും കുറെയൊക്കെ വോട്ടായി മാറിയെന്നും പ്രവര്‍ത്തകര്‍ വിലയിരുത്തന്നു.
ശക്തമായ ത്രികോണമത്സരത്തില്‍ സിപിഎമ്മിന്റെ ആര് ബിന്ദു 40.27 ശതമാനത്തോടെ 62,493 വോട്ടുകള്‍ നേടി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തോമസ് ഉണ്ണിയാടന് 36.44 ശതമാനം നേടി 56,544 വോട്ടുകള്‍ സ്വന്തമാക്കി. ജേക്കബ് തോമസ് ബിജെപിയ്ക്ക വേണ്ടി 22.12 ശതമാനത്തോടെ 34,329 വോട്ടുകള്‍ നേടി. ബിജെപിയുടെ പ്രസ്റ്റീജായ 30,000 പ്ലസില്‍ ഇരിങ്ങാലക്കുടയും എത്തി. 2016ല്‍ ബിജെപിയ്ക്ക് വേണ്ടി സി.ഡി. സന്തോഷ് ഇവിടെ പിടിച്ചത് 30,420 വോട്ടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: