ആലപ്പുഴ: കലവൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് ജീവനക്കാരന്‍ ബാങ്കിലടയ്‌ക്കാന്‍ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തി കവര്‍ന്ന രണ്ടുപേരെ കണ്ടെത്താനായി ആലപ്പുഴ ഡിവൈഎസ്പി ഡി. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം ഊജിതമാക്കി.
കവര്‍ച്ചാ സമയം ഇതുവഴി കടന്നുപോയ ബൈക്കുകളുടെ നമ്പരുകളും പരിശോധിച്ചു വരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ, മോഷണസമയം പ്രദേശത്തെ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള അരലക്ഷത്തോളം കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വരെ 50ല്‍ അധികം ബൈക്കുകളുടെ വിവരങ്ങള്‍ ശേഖരിച്ചു പോലീസ് ചോദ്യം ചെയ്തു.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലവിട്ട് പോകാനിടയില്ലെന്നും അന്വേഷണസംഘം ആദ്യനിഗമനത്തില്‍തന്നെ ഉറച്ചുനില്‍ക്കുന്നു. 50ല്‍ അധികം സിസിടിവി കാമറകളില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ പരിശോധിക്കുകയാണ്. കഴിഞ്ഞ 26ന് ഉച്ചയ്‌ക്ക് 12.30 ഓടെ കലവൂര്‍ മലബാര്‍ ഹോട്ടലിനു സമീപമായിരുന്നു സംഭവം.
ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ പമ്പിലെ ജീവനക്കാരന്‍ പണവുമായി സൈക്കിളില്‍ പോകുമ്പോള്‍ ജാക്കറ്റും ഹെല്‍മെറ്റും മാസ്‌കും ധരിച്ചയാള്‍ നടന്നുവന്ന് ജീവനക്കാരനെ തള്ളിയിട്ടശേഷം ബാഗ് കവര്‍ന്നു. ഈ സമയം ഇതേ വേഷത്തില്‍ മറ്റൊരാള്‍ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേര്‍ത്തല ഭാഗത്തേക്കു കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: