സിഡ്നി: ചൈനയിലെ ഒരു കമ്പനിയ്ക്ക് ഒരു വാണിജ്യ-സൈനിക തുറമുഖം 99 വര്‍ഷത്തേക്ക് വാടകയ്ക്ക് നല്കിയ തീരുമാനം ആസ്ത്രേല്യ പുനപരിശോധിക്കും. ഈ തുറമുഖത്തിലെ ചൈനീസ് സാന്നിധ്യം വീണ്ടും ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് പുതിയ തീരുമാനമെന്ന് ആസ്ത്രേല്യ വ്യക്തമാക്കി.
ചൈനയിലെ കോടീശ്വരനായ യെ ചെംഗിന്റെ ലാന്റ്ബ്രിഡ്ജ് ഗ്രൂപ്പാണ് ഈ തുറമുഖം വാടകയ്ക്ക് കൊടുക്കാനുള്ള ലേലത്തില്‍ വിജയിച്ചത്. എന്നാല്‍ ഇത് പിന്നീട് ഡാര്വിന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തുറമുഖത്തിന്റെ ഉടമസ്ഥാവകാശം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുമോ എന്നും ആസ്ത്രേല്യന്‍ അധികൃതര്‍ ഭയക്കുന്നു. ആസ്ത്രേല്യയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതേക്കുറിച്ച് പ്രതിരോധ വകുപ്പിനോട് വിശദാംശങ്ങള്‍ ചോദിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.
ചൈനയിലെ സൈന്യവുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് ലാന്റ്ബ്രിഡ്ജ്. 2015ലാണ് ആസ്ത്രേല്യയിലെ തുറമുഖം 39 കോടി ഡോളറിന് 99 വര്‍ഷത്തേക്ക് വാടകയ്ക്കെടുക്കാനുള്ള ലേലത്തില്‍ ലാന്റ്ബ്രിഡ്ജ് വിജയിച്ചത്. ഈ തുറമുഖം പസഫിക് സമുദ്രത്തിലെ യുഎസ് പ്രവര്‍ത്തനങ്ങളുടെ അടുത്തായത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്റ് ഒബാമ ഇതിനെതിരെ അന്നത്തെ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബില്ലിനോട് പരാതിപ്പെട്ടിരുന്നു. ദേശീയ സുരക്ഷാ പ്രശ്നമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഇപ്പോഴത്തെ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു.
ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതലായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്മാറിയത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡില്‍ ഇന്ത്യ, ജപ്പാന്, യുഎസ് എന്നീ രാഷ്ട്രങ്ങളോടൊപ്പം ആസ്ത്രേല്യയും സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: