വികസനം പറഞ്ഞ്, അഴിമതി വിരുദ്ധത പറഞ്ഞ്, നാടിന്റെ സമഗ്രപുരോഗതി പറഞ്ഞ് വോട്ട് തേടിയവരെ എമ്പാടും കണ്ടിട്ടുണ്ട്. തങ്ങള്‍ പട്ടിണിയിലാക്കിയ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയതിന് വോട്ട് പ്രതിഫലമായി ചോദിച്ച ഒരു കൂട്ടരെ ഇതാദ്യമായാണ് കേരളം കാണുന്നത്. കിറ്റ് വിറ്റ് കിട്ടിയ വോട്ടിന്റെ ബലത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേക്ക് കടക്കുമ്പോള്‍ ആ അര്‍ത്ഥത്തിലും അത് ചരിത്രമാവുകയാണ്.
പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലേക്ക് നയിക്കുന്നതില്‍ കിറ്റിനുള്ള പ്രാധാന്യം അറിയുന്നവര്‍ക്ക് ഈ നാടിന്റെ ഗതികേടും വേഗം തിരിച്ചറിയാം. ഇത്രയേ ഉള്ളൂ നമ്പര്‍ വണ്‍ മലയാളിയുടെ രാഷ്‌ട്രീയ ബോധം എന്ന് അറിയണം.
‘കിറ്റ് വാങ്ങി നക്കിയില്ലേ’ എന്ന ചോദ്യത്തിന് സ്പ്രിങ്ക്‌ളര്‍ കാലം തൊട്ടുള്ള പഴക്കമുണ്ട്. ലോട്ടറി വിറ്റും മദ്യം വിറ്റും സമ്പത്തുണ്ടാക്കാനിറങ്ങിയ ഒരു സര്‍ക്കാരിന്റെ ഗതികേടില്‍ നിന്നാണ് കിറ്റ് രാഷ്‌ട്രീയം ഉദിക്കുന്നത്. അന്നന്ന് കിട്ടുന്ന ആടിന്റെയും കോഴിയുടെയും എണ്ണം നോക്കിയാണ് സ്വയംപ്രഖ്യാപിത പ്രബുദ്ധ മലയാളി വോട്ട് ചെയ്യുന്നതെന്ന ബോധ്യത്തിലാണ് പട്ടിണിക്കാരനെ പരിഹസിച്ചും വോട്ട് ചോദിച്ചുകളയാമെന്ന ധാരണയില്‍ സിപിഎം എത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേല്‍പ്പറഞ്ഞ പ്രബുദ്ധന്മാരെല്ലാം കൂടി കിറ്റിനിട്ട് വോട്ട് ചെയ്തു എന്നതും പിണറായിക്ക് ആവേശമായിരുന്നു. കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരിയും പയറും ഉഴുന്നും കടലയുമടങ്ങുന്നവ കിറ്റിലാക്കി ജനങ്ങള്‍ക്ക് നല്‍കിയാണ് പിണറായി വിജയന്‍ അന്നദാനപ്രഭുവായി ചായം പൂശിയെത്തിയത്.
കേരളത്തില്‍ കിറ്റ് വിതരണം നടത്തിയവരില്‍ സര്‍ക്കാര്‍ മാത്രമായിരുന്നില്ല. ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സേവാഭാരതിയടക്കമുള്ള പ്രസ്ഥാനങ്ങള്‍, പള്ളികള്‍, കുട്ടിപ്പോലീസുകാര്‍ എന്തിന് സഹായിക്കാന്‍ മനസ്സുള്ളവരെല്ലാം അര്‍ഹരുടെ വീട്ടുപടിക്കല്‍ കിറ്റ് എത്തിച്ചു. അവരാരും കിറ്റ് വാങ്ങി നക്കിയില്ലേ എന്ന് ജനങ്ങളോട് ചോദിച്ചില്ല എന്നതാണ് സര്‍ക്കാരുമായുള്ള വ്യത്യാസം.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും സ്പ്രിംങ്ക്‌ളര്‍ ഇടപാടും സെക്രട്ടറിയേറ്റിന് തീയിടലും ലൈഫ് കുംഭകോണവും ആഴക്കടല്‍ കരാറുമടക്കും മൂക്കറ്റം അഴിമതിയിലും കൊള്ളയിലും മുങ്ങിയ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത അടവായിരുന്നു കിറ്റും പെന്‍ഷനും. ദുരിതകാലങ്ങളില്‍, ക്ഷാമകാലങ്ങളില്‍ തലയ്‌ക്ക് വെളിവുള്ള ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടത് ചെയ്തു എന്നതിനപ്പുറം എന്തുണ്ടായിരുന്നു കിറ്റ് രാഷ്‌ട്രീയത്തില്‍? കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യത്തിന്റെ മറ പിടിച്ചാണ് കേരളത്തില്‍ അത് വിതരണം ചെയ്തത്. എന്നിട്ടും കിറ്റിന്റെ പേരിലായിരുന്നു വോട്ട് പിടിത്തം.
ആട്, തേക്ക്, മാഞ്ചിയം പോലൊരു ടോട്ടല്‍ ഫോര്‍ യു തട്ടിപ്പായി കേരള രാഷ്‌ട്രീയത്തെ കണ്ടവരുടെ അഭ്യാസമുറകളിലാണ് കിറ്റിന്റെ വോട്ട് ബാങ്ക് പിറന്നത്. വോട്ടിന് നോട്ട്, വോട്ടിന് ജോലി തുടങ്ങിയ ഓഫറുകള്‍ക്കൊടുവിലാണ് കിറ്റിന് ഒരു വോട്ട് എന്ന മുദ്രാവാക്യം പിറന്നതെന്ന് ഓര്‍ക്കണം. അതും സാക്ഷരരും പ്രബുദ്ധരുമായ മലയാളികള്‍ നിറഞ്ഞ നമ്പര്‍ വണ്‍ കേരളത്തില്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: