കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനായി കെഎംഎംഎല്‍ കൊവിഡ് ആശുപത്രി സജ്ജമാക്കുന്നു. കമ്പനിക്ക് സമീപത്തെ ചവറ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് ആശുപത്രി തയ്യാറാക്കുക. ഓക്സിജന്‍ സൗകര്യത്തോടെ 500 ബെഡുകളാണ് ഇവിടെ ഒരുക്കുക. 50 ലക്ഷം രൂപയാണ് ചെലവ്.
ആദ്യഘട്ടം 100 ബെഡുകള്‍ തയ്യാറാക്കി തിങ്കളാഴ്ച ആശുപത്രി ആരോഗ്യവകുപ്പിന് നല്‍കും. കമ്പനിയിലെ ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് പൈപ്പ്ലൈന് വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ ലഭ്യമാക്കുക. 700 മീറ്റര്‍ ദൂരമാണ് ഓക്സിജന്‍ പ്ലാന്റും സ്കൂളും തമ്മിലുള്ളത്. ഇവയെ ബന്ധിപ്പിച്ചുകൊണ്ട് പൈപ്പിടുന്ന ജോലികള്‍ കമ്പനിയില്‍ ആരംഭിച്ചു. സിഡ്കോയില്‍ നിന്ന് 100 കട്ടിലുകളും കയര്‍ഫെഡില്‍ നിന്ന് ആവശ്യമായ കിടക്കളും ആശുപത്രിക്കായി കമ്പനി നേരിട്ട് വാങ്ങും.
ജില്ലാ ഭരണാധികാരികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കെഎംഎം എല്‍ അധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് ആശുപത്രി സജ്ജമാക്കാന്‍ തീരുമാനമായത്. കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ്, ജില്ലാ ഡവലപ്മെന്റ് കമ്മീഷണര്‍ ആസിഫ്, ഡോ. അരുണ്‍, ഡോ. ഹരി, വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: