ജന്മഭൂമി ആദ്യ ചീഫ് എഡിറ്റര്‍ എം.പി. മന്മഥന്റെ ജന്മദിനമാണിന്ന്. കറകളഞ്ഞ ഗാന്ധിയന്‍, കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരന്, പ്രശസ്തനായ കഥാപ്രസംഗകന്, മതപ്രസംഗകന്, കോളേജ് പ്രിന്‍സിപ്പല്‍, പത്രാധിപര്‍, കവി, നടന് തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ പ്രകാശസാന്നിദ്ധ്യമായിരുന്നു പ്രൊഫ. എം.പി. മന്മഥന്.
1914 മെയ് ഒന്നിന് മൂവാറ്റുപുഴയിലായിരുന്നു ജനനം. ബിരുദം നേടിയശേഷം സ്വദേശത്ത് ഒരു സ്കൂള്‍ ആരംഭിച്ചു. സ്കൂളിന്റെ ധനശേഖരണത്തിന് അദ്ദേഹം കഥാപ്രസംഗങ്ങള്‍ നടത്തി. 1935ല്‍ മഹാത്മാഗാന്ധിയുമായി സമാഗമം. തുടര്‍ന്ന് കേരളത്തിലെ സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക്. 1967 ല്‍ ചങ്ങനാശേരി എന്‍എസ്എസ് കോളേജിന്റെ പ്രിന്‍സിപ്പലായി. പ്രിന്‍സിപ്പല്‍ ആയിരിക്കുമ്പോഴും കഥാപ്രസംഗം നടത്തിയിരുന്നു. ഒപ്പം നാടക നടന് എന്ന നിലയിലും കലാരംഗത്ത് സജീവമായിരുന്നു. ‘യാചകന്’ എന്ന സിനിമയില്‍ നായകനായി വേഷമിട്ടു. 1969ല്‍ തിരുവനന്തപുരം എംജി കോളേജ് പ്രിന്‍സിപ്പല്‍. ഹാജര്‍ കുറവുള്ള ആറ് വിദ്യാര്‍ത്ഥികളെ രാഷ്ടീയ നേതാക്കളുടെ സ്വാധീനത്തില്‍ പരീക്ഷയ്ക്കിരുത്താന്‍ തീരുമാനിച്ച വൈസ് ചാന്‍സലറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്മഥന് സാര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചു.
സര്‍വോദയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഭൂദാനം, ഖാദി, ഹരിജനോദ്ധാരണം, മദ്യനിരോധനം എന്നീ മേഖലകളില്‍ കര്‍മ്മനിരതനായി. സര്‍വോദയ പ്രവര്ത്തിന്റെ ഭാഗമായി കുമ്മനത്ത് ഒരു ആശ്രമം സ്ഥാപിച്ചു. ഇതിനടുത്തുള്ള വഴി സര്‍വോദയം റോഡ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ അറുപതുകളുടെ അവസാനത്തില്‍ നക്സലൈറ്റ്കള്‍ നരഹത്യകളിലൂടെ ക്രമസമാധാനം തകര്‍ത്തപ്പോള്‍ അക്രമ രാഷ്ടീയത്തിനെതിരേ ഗാന്ധിജിയുടെ അഹിംസാ ദര്ശനമുയര്ത്തിപ്പിടിച്ചു കൊണ്ട് ‘ജനജാഗ്രത് സേന’ എന്ന സംഘടന രൂപീകരിച്ചു.
അടിയന്തരാവസ്ഥ നിലനിന്ന രണ്ടു വര്‍ഷക്കാലവും അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. അടിയന്തരാവസ്ഥയില്‍ നിരോധിക്കപ്പെട്ട ജന്മഭൂമി ദിനപത്രം 1977 നവംബര്‍ 14 ന് പുനരാരംഭിക്കുമ്പോള്‍ മുഖ്യപത്രാധിപര്‍ സ്ഥാനം മന്മഥന് സാര്‍ ഏറ്റെടുത്തു. ചീഫ് എഡിറ്ററുടെ കസേരയില്‍ ഉപവിഷ്ടനായ അദ്ദേഹം എഴുതിയ ആദ്യത്തെ മുഖപ്രസംഗത്തിലെ ആദ്യവരി ‘യതോ ധര്‍മ്മസ്തതോ ജയഃ’ ഇപ്പോഴും മുഖപ്രസംഗത്തിന് മുകളില്‍ അത് തുടരുന്നു. 1980ല്‍ അദ്ദേഹം കേരള മദ്യനിരോധന സമിതിയുടെ പ്രസിഡന്റായി. മദ്യഷാപ്പുകള്ക്കള്ക്കെതിരെ അദ്ദേഹം നടത്തിയ സമരങ്ങള്‍ 1994 ആഗസ്ത് 14 ന് അന്തരിക്കും വരെ തുടര്‍ന്നു.
1983ല്‍ നിലയ്ക്കല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത് മന്മഥന് ആയിരുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാനും ഈ സമാധാന ദൂതന് അവിരാമം പ്രവര്‍ത്തിച്ചു.
– കുമ്മനം രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: