മണ്ണഞ്ചേരി: കലവൂരിലെ പെട്രോള്‍ പമ്പില്‍നിന്ന് ജീവനക്കാരന് ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ 13.63 ലക്ഷം രൂപ കവര്‍ന്ന രണ്ടംഗ സംഘത്തെ കണ്ടെത്താനായി ആലപ്പുഴ ഡിവൈഎസ്പി ഡി. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ഊജിതമാക്കി.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കിയില്ലെങ്കിലും ജില്ലവിട്ട് പോയിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
സംഭവസ്ഥലം മുതല്‍ വടക്കോട്ട് ദേശീയപാതയിലേയും വളവനാട് ജങ്ഷനില്‍നിന്ന് ഇടത്തോട്ടും വലത്തോട്ടുമുള്ള റോഡുകളിലുള്ള പമ്പിനു സമീപത്തെയും ഉള്‍പ്പെടെ 50ല്‍ അധികം സിസിടിവി കാമറകളില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചു വരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്തെ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വന്നതും വിളിച്ചതുമായ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. കോള്‍ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ് ചോദ്യം ചെയ്യുവാന്‍ തുടങ്ങി. മോഷണം നടന്ന സമയം ഇതുവഴി കടന്നുപോയ ഇരുചക്രവാഹനങ്ങള്‍ പരിശോധിച്ചുവരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് കലവൂര്‍ മലബാര്‍ ഹോട്ടലിനു സമീപമായിരുന്നു സംഭവം.
ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ പമ്പിലെ ജീവനക്കാരന് പണവുമായി സൈക്കിളില്‍ പോകുമ്പോള്‍ ജാക്കറ്റും ഹെല്‍മെറ്റും മാസ്കും ധരിച്ചയാള്‍ നടന്നുവന്ന് ജീവനക്കാരനെ തള്ളിയിട്ടശേഷം ബാഗ് കവര്‍ന്നു.
ഈ സമയം ജാക്കറ്റും ഹെല്‍മറ്റും ധരിച്ച മറ്റൊരാള്‍ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേര്‍ത്തല ഭാഗത്തേക്ക് കടക്കുകയായിരുന്നു. മണ്ണഞ്ചേരി, ആലപ്പുഴ സിഐമാരായ രവി സന്തോഷ്, സനല്‍, എസ്ഐമാര്‍ ഉള്‍പ്പെടെ 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: