തിരുവനന്തപുരം: സിപിഎം കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറായ ആര്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴോളം സിപിഎം സംഘമാണ് ആക്രമണം ആഴിച്ചുവിട്ടത്. കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് ഇന്നലെ രാവിലെ സര്‍ക്കാര്‍ കുറച്ചില്ലെന്ന് അറിയാമായിരുന്നിട്ടും വ്യാജ ആരോപണം ഉന്നയിച്ചാണ് ബോധപൂര്‍വ്വം ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നത്.
രോഗികളെയും കൂട്ടിരുപ്പുകാരെ ഉള്‍പ്പടെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30 ഓടെ ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ഔദ്യോഗികമായി ലഭിക്കുന്നതുവരെ കൊവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ നടത്തെണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ ധരിപ്പിച്ചെങ്കിലും അത് ചെവികൊള്ളാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ബോധപൂര്‍വ്വം സംഘര്‍ഷത്തിനുള്ള ശ്രമമായിരുന്നു പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഈസമയം നിരവധി രോഗികള്‍ ബുദ്ധിമുട്ടുകയായിരുന്നു. കൂട്ടിരിപ്പുകാരും കൂടെവന്നവരും ആശുപത്രിക്കുള്ളില്‍ കടക്കാനാകാതെ വിഷമിച്ചു. ഒടുവില്‍ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധകര്‍ക്ക് നേരെ തിരിഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നായപ്പോള്‍ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.
ആര്‍ടിപിസിആര്‍ 1700ല്‍ നിന്നും 500 രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉച്ചയോടെയാണ് ഇതു സംബന്ധിച്ച് ഡിഎംഒ ഉത്തരവ് ഇറക്കിയത്. നിലവില്‍ ആറ്റുകാല്‍ദേവി ആശുപത്രി മറ്റൊരു ലാബില്‍ നല്‍കിയാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്ന മുറയ്ക്കാണ് പരിശോധനക്കുള്ള തുകയിലും മാറ്റംവരുത്താന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന ് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പ്രതിഷേധമായി ആശുപത്രിയിലേക്ക് സിപിഎം കൗണ്‍സിലര്‍ എത്തിയത്.
കോവിഡ് പ്രതിരോധത്തെ ചെറുക്കാനുള്ള സിപിഎം ഗൂഡശ്രമം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മികച്ചുനില്‍ക്കുന്ന കേന്ദ്രങ്ങളെ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിശ്ചായ നശിപ്പിക്കാനുള്ള ഗൂഢശ്രമം സിപിഎമ്മിന്റെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടാകുന്നുണ്ട്. കൊവിഡ് രോഗികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമായിരുന്ന എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടിയത് സ്ഥലത്തെ സിപിഎം കൗണ്‍സിലറുടെയും മേയറും ഇടപെട്ടാണ്. സമാനമായ സംഭവമാണ് ആറ്റുകാല്‍ ദേവി ആശുപത്രിക്ക് നേരെയും സിപിഎം അഴിച്ചുവിടുന്നത്. നിലവില്‍ കോവിഡ് ചികിത്സയ്ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ സൗകര്യമുള്ള തലസ്ഥാന ജില്ലയിലെ ആശുപത്രിയാണിത്. അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ തകര്‍ത്ത് മറ്റൊരു ലോബിക്ക് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നിലപാടെന്ന ആക്ഷേപം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: