തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് വേണ്ടി സര്‍ക്കാര്‍ ജനങ്ങളെ മറന്നു. അതിന്റെ ഫലമായി പരിശോധനകള്‍ കുറച്ചു, കൂട്ടപ്പരിശോധനാ ക്യാമ്പുകള്‍ നടത്തിയില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലച്ചു. ഇതോടെ കൊവിഡ് വ്യാപനം കുത്തനെ കൂടി. ഇപ്പോഴുള്ളതിന്റെ പകുതി മാത്രം പരിശോധനകളേ മാര്‍ച്ചില്‍ നടന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗികള്‍ കൂടിയതോടെ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പരിശോധനകള്‍ കുത്തനെ കുറഞ്ഞിരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യമായ പരിശോധനകളോ അവലോകന യോഗങ്ങളോ നടന്നില്ല. കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതില്‍ പോലും വീഴ്ച വരുത്തി. മൊത്തം പരിശോധനകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ആര്‍ടിപിസിആര്‍. രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ നടത്തണമെന്നും ആര്‍ടിപിസിആര്‍ എണ്ണം കൂട്ടണമെന്നുമുള്ള കേന്ദ്ര നിര്‍ദേശവും അവഗണിച്ചു. ഇതോടെ രോഗികളെ കൃത്യമായി കണ്ടെത്തുന്നതില്‍ വീഴ്ചയുണ്ടായി.
ഏപ്രില്‍ 10 മുതല്‍ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി. ഇതോടെ രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു. രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ മാത്രമായിരുന്നു അന്ന് പരിശോധന. തെരഞ്ഞെടുപ്പു വേളയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രം സമയം കണ്ടെത്തി. വൈറസിന് വ്യതിയാനം സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും ആരോഗ്യവകുപ്പും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതര സംസ്ഥാനങ്ങളില്‍ വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തമായിട്ടും അവിടെ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പോലും നിര്‍ദേശിച്ചില്ല. വിദേശത്ത് നിന്നു വന്നവരെ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയില്ല. പരിശോധനകള്‍ കര്‍ക്കശമാക്കി കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ വ്യാപനം നിയന്ത്രിക്കാമായിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രോഗികളുടെ എണ്ണവും മരണ നിരക്കും ക്രമാതീതമായി ഉയരുമ്പോള്‍ കണക്കുകള്‍ കുറച്ച് കാണിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പറയുന്നതിനെക്കാള്‍ കൂടുതലാണ്. പോസിറ്റീവ് ആകുന്നവരുടെ എണ്ണവും സര്‍ക്കാര്‍ കുറച്ചാണ് പറയുന്നത്. സര്‍ക്കാരിന്റെ ഈ വീഴ്ച മറയ്ക്കാന്‍ വിവാദങ്ങള്‍ തൊടുത്തു വിടുകയാണ്. വാക്സിന് നല്‍കുന്നില്ലെന്ന പ്രചാരണവും വാക്സിന് ചലഞ്ചുമെല്ലാം വീഴ്ച മറയ്ക്കാന്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: