മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ്സ് ബാങ്ക് ഓഫീസ് സിപിഎം കൗണ്‍സിലര്‍ അടച്ചു പൂട്ടി. മെഡിക്കല്‍ കോളേജ് വാര്‍ഡിലെ കൗണ്‍സിലറും ആശുപത്രി ഡെവലപ്മെന്റ് സൊസൈറ്റി അംഗവുമായ ഡി.ആര്. അനില്‍ ആണ് ഡ്രഗ്സ് ബാങ്ക് അടച്ചുപൂട്ടിയത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള വിശ്രമകേന്ദ്രത്തിനുള്ള കെട്ടിടത്തില്‍ ഇന്‍ ഹൗസ് ഡ്രഗ്സ് ബാങ്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചായിരുന്നു അടച്ചുപൂട്ടിയത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകരുമായി എസ്എറ്റി ആശുപത്രിയിലെത്തിയ കൗണ്‍സിലര്‍ അനില്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു വരുത്തി വിശ്രമകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ ഹൗസ് ഡ്രഗ്സ് ബാങ്കിന്റെ ഓഫീസ് മാറ്റണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡ്രഗ്സ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച കാര്യം വകുപ്പുമന്ത്രി ശൈലജയുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൂപ്രണ്ട് കൗണ്‍സിലറുടെ ആവശ്യം നിരസിച്ചു. ഇതോടെ ക്ഷുഭിതനായ കൗണ്‍സിലര്‍ സൂപ്രണ്ടിനെ അസഭ്യം പറഞ്ഞു. പുറമെ ഏത് മന്ത്രിയെന്നും മന്ത്രിസഭ പിരിച്ചുവിട്ടെന്നും പറഞ്ഞ് പുറത്തുനിന്നും മറ്റൊരു പൂട്ട് വാങ്ങി കെട്ടിടം അടച്ചുപൂട്ടി താക്കോലെടുത്ത് സ്ഥലം വിടുകയായിരുന്നു. അല്പസമയത്തിനകം മേയര്‍ ആര്യ രാജേന്ദ്രന് എസ്എറ്റി ആശുപത്രിയിലെത്തിയെങ്കിലും ഇതു സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താതെ കെട്ടിടം പൂട്ടിയെന്ന് ഉറപ്പുവരുത്തി മേയറും പോവുകയായിരുന്നുവെന്ന് ഇന്‍ ഹൗസ് ഡ്രഗ്സ് ബാങ്കിന്റെ ചുമതല വഹിക്കുന്ന ഫാര്‍മസിസ്റ്റ് പറഞ്ഞു.
നാലുമാസം മുമ്പാണ് ഡ്രഗ്സ് ബാങ്ക് മരുന്നുസംഭരിക്കലും ഓഫീസ് പ്രവര്‍ത്തനവും വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയത്. ഡ്രഗ്സ് ബാങ്കിന്റെ ഓഫീസ് കെട്ടിടം പുതുക്കി പണിയുന്ന സാഹചര്യത്തിലായിരുന്നു മാറ്റം. സൂപ്രണ്ടും ഇതിന് അനുമതി നല്‍കിയിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാലുടനെ ഒഴിയാമെന്ന വ്യവസ്ഥയിലായിരുന്നു മാറ്റം. അന്നും കൗണ്‍സിലര്‍ നഗരസഭയുടെ കെട്ടിടമാണെന്നും ആരോട് ചോദിച്ചിട്ടാണ് ഡ്രഗ്സ് ബാങ്കിന് നല്‍കിയതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സൂപ്രണ്ട് വകുപ്പ് മന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മന്ത്രി മേയറുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മന്ത്രിയുടെ നിര്‍ദ്ദേശത്തെയും അവഗണിച്ചാണ് കൗണ്‍സിലറും മേയറും ഒത്തുകളിച്ച് കെട്ടിടം അടച്ചു പൂട്ടിയത്.
2003 ലാണ് എസ്എറ്റി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെയും നഗരസഭയുടെയും സംയുക്തതയില്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് വിശ്രമകേന്ദ്രമായി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ഈ കെട്ടിടം കഴിഞ്ഞ മൂന്നുവര്‍ഷമായി അടച്ചിട്ട നിലയിലാണ്. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അടച്ചത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്തി ഒന്നര വര്‍ഷം പൂര്‍ത്തിയായെങ്കിലും കെട്ടിടം രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് വിശ്രമകേന്ദ്രമായി തുറന്നുകൊടുക്കാന്‍ നഗരസഭ തയ്യാറായില്ല. രോഗികളുടെ കൂട്ടിരുപ്പുകാര്‍ മരച്ചുവട്ടിലും ആശുപത്രി പരിസരത്തുമായി പേപ്പര്‍ വിരിച്ച് അന്തിയുറങ്ങിയിട്ടും നഗരസഭയുടെ കണ്ണ് തുറന്നില്ല. ഈ സാഹചര്യത്തിലാണ് കെട്ടിടം നഗരസഭയുടെതാണെന്ന് പറഞ്ഞ് കൗണ്‍സിലറുടെ ധിക്കാരപരമായ നടപടി അരങ്ങേറിയത്. ഡ്രഗ്സ് ബാങ്കിന് കെട്ടിടം നല്‍കിയത് നിയമവിരുദ്ധമാണെങ്കില്‍ നഗരസഭയ്ക്ക് ആശുപത്രി സൂപ്രണ്ടിന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്കി നടപടി സ്വീകരിക്കാം. എന്നാല്‍ അതും ഇക്കാര്യത്തിലുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: