ഹാഥ്രസ് കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരന് സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനുള്ള പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയുടെ തീരുമാനം അപലപനീയമാണ്. സേവ് സിദ്ദിഖ് കാപ്പന് കാമ്പയിന്റെ ഭാഗമായി കരിദിനം ആചരിച്ച സംഘടനയുടെ നടപടി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. സഹതടവുകാരില്‍നിന്ന് കൊവിഡ് ബാധിച്ചതിനാല്‍ മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കാപ്പന് അത്യാസന്ന നിലയിലാണെന്നു പറഞ്ഞ് അയാളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണത്രേ ഇത്. കാപ്പനെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരിക്കുകയാണ്. കാപ്പന് അനുഭവിക്കുന്ന പീഡനങ്ങള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഒരു പടികൂടി കടന്ന് കാപ്പന്റെ ജീവന് രക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ഏതു കുറ്റവാളിയായാലും രോഗിയാണെങ്കില്‍ ചികിത്സ നല്‍കണമെന്നത് മനുഷ്യത്വപരമാണ്. എന്നാല്‍ ഇക്കൂട്ടരുടെ ആവേശം കാണുമ്പോള്‍ പണ്ട് അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനുവേണ്ടി ഇതേ കൂട്ടര് മുറവിളി കൂട്ടിയതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.
സിദ്ദിഖ് കാപ്പന് മാധ്യമപ്രവര്‍ത്തകനാണെന്ന വ്യാജേനയാണ് ഈ കോലാഹലങ്ങളൊക്കെ സംഘടിപ്പിക്കുന്നത്. കാപ്പന് മാധ്യമപ്രവര്‍ത്തകന്റെ മുഖംമൂടി ഉപയോഗിച്ചു എന്നതു ശരിയാണ്. എന്നാല്‍ അത് അഴിഞ്ഞുവീണിട്ട് മാസങ്ങളായി. തികഞ്ഞ ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗമായ കാപ്പന് ഈ സംഘടനയുടെ ദല്‍ഹി ഓഫീസ് സെക്രട്ടറിയായിരുന്നു എന്ന വിവരം രക്ഷകരായി രംഗപ്രവേശം ചെയ്തിട്ടുള്ളവര്‍ മറച്ചുപിടിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടുകാരനായ ഈ തീവ്രവാദി എങ്ങനെ കെയുഡബ്ല്യുജെയുടെയും സെക്രട്ടറിയായി എന്നത് അന്വേഷിക്കേണ്ടതുണ്ട്. ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചാണ് കാപ്പന് പ്രവര്‍ത്തിച്ചിരുന്നതും. ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്നു കേട്ടതോടെ കാപ്പനും കൂട്ടരും അവിടേക്ക് വച്ചുപിടിച്ചത് മാധ്യമ പ്രവര്‍ത്തനം നടത്തി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനായിരുന്നില്ല. നേരെ മറിച്ച് താന്‍ അംഗമായ വിധ്വംസക സംഘടനയുടെ ദേശവിരുദ്ധ അജണ്ട നടപ്പാക്കാനായിരുന്നു. ഇതിനായി കോടിക്കണക്കിന് രൂപ കാപ്പന് അക്കൗണ്ടിലൂടെ ലഭിച്ചതുള്‍പ്പെടെ നിരവധി തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും, കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
കാപ്പന്റെ താടിയെല്ല് തകര്‍ന്നിരിക്കുകയാണെന്നും, ചങ്ങലക്കിട്ടിരിക്കുകയാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് മദനി മോഡല്‍ കാമ്പയിനാണ്. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞപ്പോഴും, കര്‍ണാടകയിലെ പരപ്പന അഗ്രഹഹാര ജയിലിലായിരിക്കുമ്പോഴും മദനി മരണാസന്നനാണെന്നു പ്രചരിപ്പിച്ച് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. ഈ പണം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടും പലപ്പോഴും തര്‍ക്കങ്ങളുണ്ടായി. കാപ്പന്റേത് അന്യായത്തടങ്കലല്ല. ജനങ്ങളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കാപ്പന്റെ തടവ് ന്യായയുക്തമാണെന്ന് സുപ്രീംകോടതിക്കുപോലും ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഇക്കാര്യമൊക്കെ മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കൊവിഡ് ബാധിച്ച് ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും മരണത്തോട് മല്ലടിച്ച് കഴിയുന്നത്. ഇവരുടെ കാര്യത്തിലൊന്നുമില്ലാത്ത ആശങ്ക ഒരു കാപ്പന്റെ കാര്യത്തില്‍ മാത്രം കാണിക്കുന്ന ചിലരുടെ താല്‍പ്പര്യം മലയാളികള്‍ തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: