കൊല്ലം: ജില്ലയിലെ നിര്‍മാണ മേഖലയില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധന പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒരുമാസത്തിനിടെ സിമന്റിനും കമ്പിക്കും ഇരട്ടിയിലധികം തുകയാണ് വര്‍ധിച്ചത്.
അസംസ്കൃത വസ്തുക്കളുടെ വില ഉയരാതെ നില്‍ക്കുമ്പോഴും ഒരു മാനദണ്ഡങ്ങളും പാലിക്കാതെ തോന്നുംവിധമാണ് കമ്പനികളും മൊത്തവ്യാപാരികളും വില കൂട്ടിയത്. അശാസ്ത്രീയമായ വിലക്കയറ്റം നിര്‍മാണ മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. ഒരുമാസം മുന്‍പ് ഒരു ചാക്ക് സിമന്റിന് 370 രൂപ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 460-480 രൂപയായി. 60 രൂപ വിലയുണ്ടായിരുന്ന കമ്പിക്ക് 68. പാറപ്പൊടിക്കും പാറയ്ക്കും 15 രൂപയോളം വര്‍ധിച്ചു. വീട് നിര്‍മാണത്തിനായി കരാര്‍ ഏറ്റെടുത്ത വ്യക്തികളും ഇതോടെ പ്രതിരോധത്തിലായി.
സര്‍ക്കാര്‍ ഇടപെടണം: കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൊവിഡ് രോഗഭീതിയില്‍ ആശങ്കയിലായ നിര്‍മാണ മേഖലയില്‍ പെട്ടെന്നുണ്ടായ അന്യായമായ വിലക്കയറ്റം തൊഴിലാളികളെയും കരാറുകാരെയും സാരമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്നും സംഘടന ജില്ലാ പ്രസിഡന്റ് തുളസീധരന്‍, സെക്രട്ടറി എസ്. സജിത്ത്, ട്രഷറര്‍ ഷാജി ആംബ്രോസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: