പുനലൂര്‍: കിഴക്കന്‍ മലയോരനാടിന്റെ കായികസ്വപ്നങ്ങള്‍ക്ക് ചിറകാകുന്നു. ചെമ്മന്തൂരില്‍ പണിയുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. ചെമ്മന്തൂരില്‍ സ്ഥിതിചെയ്യുന്ന നഗരസഭയുടെ മൈതാനത്തോട് ചേര്‍ന്നാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ജൂണ്‍ ആദ്യവാരം പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം നാടിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യം.
കിഫ്ബിയില്‍ നിന്നും അനുവദിച്ച അഞ്ചരക്കോടിരൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. സംസ്ഥാന കായിക, യുവജനകാര്യ ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തിലാണിത്. ജൂലായ് 10നാണ് നിര്‍മാണം ആരംഭിച്ചത്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഐ കണ്‍സ്ട്രക്ഷന്‍സാണ് കരാറെടുത്ത് നിര്‍മാണം നടത്തുന്നത്. കിറ്റ്കോയാണ് നിര്‍മ്മാണ മേല്‍നോട്ടം. 40 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവുമുള്ള കെട്ടിടം മൊത്തം 11700 സ്ക്വയര്‍ഫീറ്റാണ്. രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ട്, ഒരു വോളിബോള്‍ കോര്‍ട്ട് ഉള്‍പ്പെടെ ഇവിടെ ഒരേ സമയം മൂന്ന് മത്സരങ്ങള്‍ സംഘടിപ്പിക്കാനാകും.
അതേസമയം നിലവിലെ നിര്‍മാണത്തില്‍ ഗ്യാലറിയില്ലെന്നത് പോരായ്മയാണ്. എന്നാല്‍ കൂടുതല്‍ തുക അനുവദിച്ചാല്‍ ഗ്യാലറി ഒരുക്കാനുള്ള സ്ഥലസൗകര്യമുണ്ട്. ഒരു സമയം സ്റ്റേഡിയത്തിന് ഉള്ളില്‍ 250 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കാനാകും.
സ്റ്റേഡിയത്തില്‍ ആവശ്യമുള്ള മുഴുവന്‍ ജലവും ഇവിടെ നിന്നു തന്നെ സംഭരിക്കാനുള്ള മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം കിട്ടുന്ന അഞ്ച് അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും വെള്ളം ഫില്‍ട്ടര്‍ ചെയ്തു ഉപയോഗിക്കും. നിരവധി ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് കിഴക്കന്‍ മേഖല. എന്നാല്‍ മികച്ച പരിശീലനം നല്‍കുന്നതിന് സൗകര്യമുള്ളൊരു സ്റ്റേഡിയം നാളിതുവരെ സ്വപ്നം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: