കറാച്ചി: പാകിസ്ഥാനില്‍ അക്രമം നടത്തുന്ന തെഹ്റീക് -ഇ- ലബൈക് പാകിസ്ഥാന് (ടിഎല്‍പി) എന്ന സംഘടനയുടെ 100 നേതാക്കളെ തീവ്രവാദികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഈ നേതാക്കളുടെ പേര് ലോക്കല്‍ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനായി നല്‍കിയിട്ടുണ്ട്.
ഇതിനിടെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ സെറീന ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പാകിസ്ഥാന് പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.
ചൈനീസ് അംബാസഡര്‍ നോങ് റോങ് ഹോട്ടലിലുള്ളപ്പോഴായിരുന്നു സ്ഫോടനം എന്ന വാര്‍ത്ത പക്ഷെ അധികൃതര്‍ നിഷേധിച്ചു. അംബാസഡന്‍ നേരത്തെ സ്ഥലം വിട്ടിരുന്നു.
ചൈനയില്‍ നിന്നുള്ള പ്രമുഖര്‍ ക്വറ്റയിലെത്തുമ്പോള് തങ്ങുന്നത് സെറീന ഹോട്ടലിലാണ്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറാണ് മരിച്ചവരില്‍ ഒരാള്‍. കാറില്‍ ഘടിപ്പിച്ച 90 കിലോ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ബലൂചിസ്ഥാന്‍ അസംബ്ലി, ഹൈക്കോടതി തുടങ്ങിയ കെട്ടിടങ്ങള്‍ക്ക് കേട്പറ്റി.
നിരോധിത സംഘടനയായ തെഹ്രീക് ഇ താലിബാന് പാകിസ്ഥാന് (ടിടിപി)സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. പാകിസ്ഥാനില്‍ വന്‍തോതില്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്ന സംഘടനയാണ് ടിടിപി. പക്ഷെ പിന്നീട് 2014ല്‍ നടത്തിയ ശക്തമായ സൈനികനീക്കത്തില്‍ ഈ സംഘടനയുടെ നിയന്ത്രണങ്ങള്‍ തകര്‍ന്നിരുന്നു.
ഒരു പിശാചിനെയും ഇനിയും ഉയിര്ത്തെഴുന്നേല്ക്കാന് അനുവദിക്കില്ലെന്ന് ഇതേക്കുറിച്ച് ഇമ്രാന്ഖാന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: